പ്രതിരോധ ശേഷി ഉണ്ടെങ്കിൽ മാത്രം മാളുകളിലും കടകളിലും പ്രവേശിക്കാം; ‘ഇമ്യൂൺ’ സ്റ്റാറ്റസ് നിർബന്ധമാക്കി സൗദി 

പ്രതിരോധ ശേഷി ഉണ്ടെങ്കിൽ മാത്രം മാളുകളിലും കടകളിലും പ്രവേശിക്കാം; ‘ഇമ്യൂൺ’ സ്റ്റാറ്റസ് നിർബന്ധമാക്കി സൗദി 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച മുതൽ പ്രതിരോധ ശേഷി ഉള്ളവർക്ക് മാത്രം മാളുകളിലും കടകളിലും പ്രവേശിക്കാം. പ്രവേശനം ലഭിക്കാൻ ‘തവക്കൽന’ആപ്ലിക്കേഷനിൽ ‘ഇമ്യൂൺ’ സ്റ്റാറ്റസ് നിർബന്ധമാണ്. മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വിപണികളിലും പ്രവേശിക്കാൻ തവക്കൽനയിൽ രോഗപ്രതിരോധ ശേഷി നേടിയതായി പ്രദർശിപ്പിക്കണം. ഇക്കാര്യത്തിൽ നേരത്തെ പുറപ്പെടുവിച്ച നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. 

രണ്ട് ഡോസ്  വാക്സിൻ സ്വീകരിച്ചവർ, കോവിഡ് വൈറസ് അണുബാധയിൽ നിന്ന് മുക്തി നേടിയതിന് ശേഷം ഒരു ഡോസ് സ്വീകരിച്ചവർ എന്നിവർക്കാണ് ആപ്ലിക്കേഷനിൽ ഇങ്ങനെ ഇമ്യൂൺ സ്റ്റാറ്റസ് ലഭ്യമാവുക. ചില വിഭാഗക്കാർക്ക് അവരുടെ പ്രായത്തിന്റെയും ആരോഗ്യസ്ഥിതിയുടെയും അടിസ്ഥാനത്തിൽ ഇളവ് അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക്  മാത്രമേ ഓഗസ്റ്റ് ഒന്നു മുതൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, മൊത്തവ്യാപാര, റീട്ടെയിൽ സ്റ്റോറുകൾ, പബ്ലിക് യൂട്ടിലിറ്റി മാർകറ്റുകൾ, റസ്റ്ററന്റുകൾ, കഫേകൾ, ബാർബർഷോപ്പുകൾ, വനിതാ ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് സൗദി അംഗീകരിച്ച വാക്സിനുകളിൽ ഒന്നോ രണ്ടോ ഡോസുകൾ എടുക്കുകയോ വൈറസ് ബാധയിൽ നിന്ന് മുക്തി നേടുകയോ ചെയ്യേണ്ടത് നിർബന്ധമാണ്. 

എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊതു ഗതാഗത സൗകര്യം  ഉപയോഗപ്പെടുത്തുന്നതിനും രോഗപ്രതിരോധ സ്റ്റാറ്റസ് തവക്കൽന ആപ്ലിക്കേഷനിൽ പ്രദർശിപ്പിച്ചിരിക്കണം. പൗരന്മാർക്കും പ്രവാസികൾക്കും ഇത് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ മേഖലയിലെയും അധികാരികൾ അവരുടെ പരിധിയിലെ ജീവനക്കാരും ഇടപാടുകാരും ഈ വ്യവസ്ഥകൾ പാലിച്ചുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. 

വാക്സിൻ സ്വീകരിക്കാതെ പുറത്ത് നിന്ന് വരുന്നവർക്ക് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് അഞ്ചു ലക്ഷം റിയാൽ വരെയാണ് പിഴ. കൂടുതൽ വിവരങ്ങൾ അടങ്ങിയ മാർഗനിർദേശങ്ങൾ ഓരോ കേന്ദ്രത്തിലേക്കും കൈമാറുമെന്നും അധികൃതർ അറിയിച്ചു. പൊതു ജനാരോഗ്യ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയമായിട്ടായിരിക്കും പുതിയ നടപടികക്രമങ്ങൾ പ്രവർത്തികമാക്കുകയെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. 

അസ്ട്രാസെനക്ക, ഫൈസർ- ബയോടെക്, ജോൺസൺ & ജോൺസൺ, മോഡേണ എന്നീ നാല് കോവിഡ് പ്രതിരോധ വാക്സിനുകൾക്കാണ് സൗദിയിൽ അംഗീകാരമുള്ളത്. ഈ വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് ഒരു ഡോസ് സ്വീകരിച്ചവർ  പിന്നീട് സിനോഫാറം അല്ലെങ്കിൽ സിനോവാക് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചാലും സൗദിയിൽ അംഗീകരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com