

വാഷിങ്ടണ്‍: അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണം 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' എന്ന പേരില്‍ അതീവ രഹസ്യമായാണ് നടപ്പാക്കിയതെന്ന് സംയുക്ത സൈനിക ജനറല്‍ ഡാന്‍ കെയ്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വാഷിങ്ടണ്‍ ഡിസിയിലെ ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാവുന്ന ഓപ്പറേഷനായിരുന്നു മിഡ്‌നൈറ്റ് ഹാമര്‍. ഏറ്റവും സങ്കീര്‍ണ്ണവും അപകടസാധ്യതയുള്ളതുമായ ദൗത്യമായിരുന്നു ഇത്- ഡാന്‍ കെയ്ന്‍ പറഞ്ഞു. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും അദ്ദേഹംപറഞ്ഞു. ഇറാന്റെ ആണവശേഷി പൂര്‍ണമായും നിര്‍വീര്യമായോ എന്ന് പറയാനായിട്ടില്ലെന്നും അത് പഠിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്ത്രപരവും അപ്രതീക്ഷിതവുമായിരുന്നു ഞങ്ങളുടെ നീക്കം. രണ്ടുപേരടങ്ങുന്ന ഏഴ് ബി 2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങളായിരുന്നു ആക്രമണത്തിനായി തെരഞ്ഞെടുത്തത്. സംഘത്തോടൊപ്പം 125 യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നു, ഡാന്‍ കെയ്ന്‍ വ്യക്തമാക്കി. അധികം ആശയവിനിമയങ്ങളൊന്നും ഇല്ലാതെ നിശ്ശബ്ദമായായിരുന്നു ബി 2 വിമാനസംഘം നീങ്ങിയത്. 18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്. ഇതിനിടെ ഒന്നിലധികംതവണ ഇന്ധനം നിറച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ലോകത്തെ മറ്റാരേക്കാളും മികച്ചരീതിയില്‍ അമേരിക്കന്‍ സംയുക്തസേന പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി യുഎസ് അന്തര്‍വാഹിനിയില്‍നിന്ന് രണ്ട് ഡസനോളം മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തിന് നേരെ വിക്ഷേപിച്ചു. തുടര്‍ന്ന് ഓപ്പറേഷന്‍ ഹാമ്മര്‍ ഇറാന്‍ വ്യോമാതിര്‍ത്തി കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു. അതിവേഗത്തില്‍, ശത്രുക്കളുടെ മിസൈലുകളെ വെട്ടിച്ചു നീങ്ങാന്‍ പാകത്തിലുള്ള അത്യാധുനിക എയര്‍ക്രാഫ്റ്റുകളായിരുന്നു ഉപയോഗിച്ചതെന്നും അമേരിക്ക വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates