

ധാക്ക: പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശിലെ ആക്രമണങ്ങളില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പ്രതിഷേധങ്ങള്‍ കഴിഞ്ഞ ഒരു രാത്രി ഏറെക്കുറെ ശാന്തമായെങ്കിലും രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 119 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ധാക്ക ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, ഷേഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള അവസാന മണിക്കൂറുകളില്‍ മാത്രം 109 പേര്‍ കൊല്ലപ്പെട്ടതായാണ് ബംഗാളി ദിനപത്രമായ പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ വരെ കഴിഞ്ഞ 21 ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മരണ സംഖ്യം 440 ആണ്. തിങ്കളാഴ്ച 37 മൃതദേഹങ്ങളാണ് ധാക്ക മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
വെടിവെപ്പില്‍ പരിക്കുകളോടെ 500 പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തിങ്കളാഴ്ച പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് തലസ്ഥാന നഗരമായ ധാക്കക്ക് അടുത്ത് സവര്‍, ധമ്രായ് പ്രദേശങ്ങളില്‍ 18 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാജ്യത്തെ ക്രമസമാധാന നില സാധാരണ നിലയിലാക്കണമെന്നു നിര്‍ദേശിച്ച പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സായുധ സേനയ്ക്കു നിര്‍ദേശം നല്‍കി.
പ്രക്ഷോഭത്തെത്തുടര്‍ന്നുള്ള അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ ദീര്‍ഘനാളായി അടച്ചിട്ടിരുന്ന രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് വീണ്ടും തുറന്നെങ്കിലും ഹാജര്‍ നില വളരെ കുറവാണ്.
അതേസമയം ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ പൗരന്മാര്‍ ബംഗ്ലാദേശിലേക്കു യാത്ര ചെയ്യരുതെന്ന് അമേരിക്ക നിര്‍ദേശിച്ചു. നോണ്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സര്‍ക്കാര്‍ ജീവനക്കാരോടും കുടുംബാംഗങ്ങളോടും തിരികെയെത്താനും നിര്‍ദേശം ഉണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെ ആക്രമണങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates