

ന്യൂയോർക്ക്: ആഗോള ഭീകരനും ലഷ്കറെ തൊയ്ബ തലവനുമായ ഹാഫിസ് സയീദിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ തലകുനിച്ച് ഒളിച്ചോടി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ പാക് പ്രധാനമന്ത്രി പതറിയത്.
യുഎൻ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനിടെ, "പ്രധാനമന്ത്രി, ഭീകരർക്ക് താവളമൊരുക്കുന്നത് പാകിസ്ഥാൻ എപ്പോഴാണ് അവസാനിപ്പിക്കുക?" എന്ന് മാധ്യമപ്രവർത്തകർ ഉച്ചത്തിൽ ചോദിച്ചെങ്കിലും ഷെഹ്ബാസ് ഷെരീഫ് യാതൊരു പ്രതികരണവും നടത്താതെ വേഗത്തിൽ അകത്തേക്ക് നടന്നുനീങ്ങി. പിന്നീട് ചടങ്ങുകൾ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴും മാധ്യമങ്ങൾ വിട്ടില്ല. "ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സയീദിനെ എപ്പോഴാണ് പാകിസ്ഥാൻ പ്രോസിക്യൂട്ട് ചെയ്യുക?" എന്ന് ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും മറുപടി പറയാതെ അദ്ദേഹം തിടുക്കത്തിൽ കാറിൽ കയറി സ്ഥലംവിടുകയായിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും നിരോധിത ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ് ഇന്ത്യയിലെ യുഎപിഎ നിയമപ്രകാരം കൊടുംഭീകരനായി പ്രഖ്യാപിക്കപ്പെട്ടയാളാണ്. 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയ്ക്ക് പിന്നിലും പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ലഷ്കർ ഭീകരരാണെന്നും, എൻഐഎ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ എട്ടാം പ്രതിയായി ഹാഫിസ് സയീദിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ നിലനിൽക്കെയാണ് പാക് പ്രധാനമന്ത്രിയുടെ ഈ ഒഴിഞ്ഞുമാറൽ.
അയൽരാജ്യങ്ങളുടെ ഭൂമി കൈയടക്കാനും അതിർത്തി കടന്നുള്ള ഭീകരവാദം സ്പോൺസർ ചെയ്യാനും സമയം പാഴാക്കാതെ, കടത്തിൽ മുങ്ങിത്താഴുന്ന സ്വന്തം സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ പാകിസ്ഥാൻ ഊർജ്ജം ചെലവഴിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ താക്കീത് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട് ഇന്ത്യൻ നയതന്ത്രജ്ഞൻ ക്ഷിതിജ് ത്യാഗി പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയിരുന്നു. പാക് അധീന കശ്മീരിൽ ജനകീയ പ്രതിഷേധങ്ങളെ തോക്കിൻമുനയിൽ അടിച്ചമർത്തുന്നതും, ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കൾ തടഞ്ഞുവെച്ച് പൗരന്മാരെ പട്ടിണിക്കിടുന്നതുമായ ക്രൂരതകൾ അദ്ദേഹം സഭയ്ക്ക് മുന്നിൽ അക്കമിട്ട് നിരത്തി. കൗൺസിലിന്റെ കൃത്യമായ നിരീക്ഷണവും നടപടിയും അർഹിക്കുന്ന ഏക രാജ്യം പാകിസ്ഥാനാണെന്നും ഇന്ത്യ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates