

വാഷിങ്ടൺ: ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഗാസയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന പലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളിൽ മികച്ച പാര്‍പ്പിട സൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു.
ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ പലസ്തീനികളെ മാറ്റി പാർപ്പിക്കാൻ ട്രംപ് ആവശ്യപ്പെടും. പലസ്തീനികള്‍ക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും ഗാസയെ ഏറ്റെടുക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളിൽ മികച്ച താമസ സൗകര്യമൊരുക്കിയാൽ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഗാസ ഏറ്റെടുക്കുമെന്ന മുൻ പരാമര്‍ശത്തിൽ ആഗോളതലത്തിൽ തന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും ഇക്കാര്യത്തിൽ പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്. പലസ്തീനിലെ ഭൂമി വിൽപ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിന്റെ മറുപടി. അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തെ ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പിന്തുണച്ചിരുന്നു.
ഗാസയിലെ ജനവാസ മേഖലയിൽ സൈനിക നീക്കം ആഗോള നിയമ പ്രകാരം തടഞ്ഞിട്ടുള്ളതാണെന്നാണ് യുഎൻ മുന്നറിയിപ്പ് നൽകിയത്. ഗാസയിൽ വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന. ഇതിനിടെ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി.
25 ശതമാനം തീരുവ ഈടാക്കാനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പ് വെച്ചു. അമേരിക്കൻ സ്റ്റീൽ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടിയെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. കാനഡ, മെക്സിക്കോ, ചൈന അടക്കം എല്ലാ രാജ്യങ്ങൾക്കും ഇത് ബാധകമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
