യാത്രക്കാർക്ക് മുഖം സ്‌കാൻ ചെയ്ത് ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുമായി മോസ്‌കോ മെട്രോ. രാജ്യത്തെ 240ലധികം മെട്രോ സ്‌റ്റേഷനുകളിലാണ് ഫേസ് പേ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് മുഖം തിരിച്ചറിഞ്ഞ് പണമിടപാട് നടത്താനുള്ള സാങ്കേതികവിദ്യ ഇത്ര വ്യാപകമായി ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഫേസ് പേ എങ്ങനെ ഉപയോഗിക്കാം?
ഫേസ് പേ സംവിധാനം ഉപയോഗിക്കാനായി യാത്ര ചെയ്യുന്നതിന് മുമ്പുതന്നെ യാത്രക്കാർ സ്വന്തം ഫോട്ടോ എടുത്ത് ട്രാൻസ്‌പോർട്ട്, ബാങ്ക് കാർഡുകളുമായി ലിങ്ക് ചെയ്യണം. ഇതിനുശേഷം യാത്രയ്ക്കായി സ്‌റ്റേഷനിലെത്തുമ്പോൾ പണം അടച്ച് ടിക്കറ്റ് വാങ്ങുന്നതിന് പകരം സജ്ജീകരിച്ച് വച്ചിരിക്കുന്ന ക്യാമറിയിലേക്ക് നോക്കിയാൽ മാത്രം മതി. ഫേസ് പേ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് ഉപയോഗിക്കണോ വേണ്ടയോ എന്നത് യാത്രക്കാരുടെ തീരുമാനമാണ്. അതുകൊണ്ടുതന്നെ മറ്റു പെയ്‌മെന്റ് രീതികളും ഇതോടൊപ്പം തുടരുമെന്ന് അധികൃതർ അറിയിച്ചു.
സ്വകാര്യതയ്ക്ക് ഭീഷണിയോ?
സംഗതി വലിയ വാർത്തയായതിന് പിന്നാലെ ആളുകളുടെ സ്വകാര്യത ദുരുപയോഗം ചെയ്യാൻ ഇത് ഇടവരുത്തുമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. തുടക്കത്തിൽ യാത്രക്കാരിൽ 10 - 15 ശതമാനം പേർ ഫേസ് പേ സംവിധാനം പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. പണമടച്ച് ടിക്കറ്റ് വാങ്ങുന്നതും കാർഡ് സൈ്വപ്പ് ചെയ്യുന്നതുമെല്ലാം സമയം നഷ്ടമുണ്ടാക്കുന്നതിനാൽ സ്ഥിരം യാത്രക്കാർ പുതിയ രീതി ഏറെ പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്തും മുഖം സ്‌കാൻ ചെയ്തുകൊണ്ടുള്ള സാങ്കേതികവിദ്യ മോസ്‌കോ ഭരണകൂടം പ്രയോജനപ്പെടുത്തിയിരുന്നു. ക്വാറന്റൈൻ പാലിക്കുന്നതും ആളുകൾ കൂട്ടം കൂടാതിരിക്കുന്നതും ഉറപ്പുവരുത്താനാണ് ഇത് കോവിഡ് കാലത്ത് പ്രയോജനപ്പെടുത്തിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates