

ന്യൂഡല്‍ഹി: ഇറാന്‍ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്നും മോദി പറഞ്ഞു.
ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം നരേന്ദ്ര മോദി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ' നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തതായും സമീപകാലത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആശങ്ക പങ്കുവച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചര്‍ച്ചകളും തുടരണമെന്ന് അഭ്യര്‍ഥിച്ചതായും മോദി എക്‌സില്‍ കുറിച്ചു.
മേഖലയിലാകെ സമാധാനം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്#ു. അതിന് പരിഹാരം കണ്ടെത്തേണ്ടത് ചര്‍ച്ചയിലൂടെയാകണം. എന്നാല്‍ ഇരുപക്ഷയും അക്രമണങ്ങളെ എതിര്‍ക്കാനോ, അനുകൂലിക്കാനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം, അമേരിക്കന്‍ ആക്രമണങ്ങളെ സര്‍വ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് ഇറാന്‍ അറിയിച്ചു. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ അപകടകരമായ യുദ്ധമാണ് അമേരിക്ക തുടങ്ങിവെച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 'നയതന്ത്ര പ്രക്രിയ തുടരുന്നതിനിടെ, നയതന്ത്രത്തെ വഞ്ചിച്ചത് അമേരിക്കയാണെന്ന് ലോകം മറക്കരുത്. യുഎസിന് ധാര്‍മികതയില്ലെന്നും ഒരു നിയമങ്ങളും പാലിക്കുന്നില്ലെന്നും ഇറാന്‍ ആരോപിച്ചു.
'യുഎസ് സൈനിക ആക്രമണത്തിനും ഈ തെമ്മാടി ഭരണകൂടം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കുമെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് നിലകൊള്ളാനും രാജ്യത്തിന്റെ സുരക്ഷയും ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കാനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് അവകാശമുണ്ട്.' ഇറാന്‍ സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു. ഇസ്രയേലിനെ വംശഹത്യ നടത്തുന്നവരെന്നും, നിയമവിരുദ്ധരെന്നുമാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.
യുഎസ് ആക്രമണങ്ങള്‍ യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണ്. 'ഈ ഹീനമായ കൃത്യത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഭയാനകമായ ഭവിഷ്യത്തുക്കള്‍ക്കും യുഎസ് സര്‍ക്കാരിനാണ് പൂര്‍ണ്ണ ഉത്തരവാദിത്തം. ഇറാന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. ഇറാന് തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നല്‍കി.
Iran-Israel conflict: Prime Minister Narendra Modi on Sunday spoke with the President of the beleaguered country, Masoud Pezeshkian, calling for "immediate de-escalation, dialogue and diplomacy".
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
