

വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും. ഇന്ന് ഉച്ചയോടെയായിരിക്കും അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുക. തുടർന്ന് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പ ആരോഗ്യനില പൂർണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ട് മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അഞ്ചാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച പൊതുദർശനം നൽകും. ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പ ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രി മുറിയിലെ ജനാലയിൽ നിന്നു ജനത്തെ അഭിവാദ്യം ചെയ്ത് ആശീർവദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാൻ അറിയിച്ചു.
ഇതിന് മുന്നോടിയായി ത്രികാല ജപവുമുണ്ടായിരിക്കും. ത്രികാല ജപത്തിന് ശേഷമുള്ള സന്ദേശം നൽകില്ല. പകരം മുൻകൂട്ടി തയാറാക്കിയ സന്ദേശത്തിന്റെ പ്രിന്റ് വിശ്വാസികൾക്ക് വിതരണം ചെയ്യും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടശേഷം ഇതാദ്യമായാണ് മാർപാപ്പ പൊതുവേദിയിൽ എത്തുക. ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു.
എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുവേദിയിൽ മാർപാപ്പ പ്രാർഥനയ്ക്കെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്നതാണ്. ഫെബ്രുവരി 9നാണ് അവസാനം ഈ ചടങ്ങിൽ പങ്കെടുത്തത്. ഏപ്രിൽ 8ന് വത്തിക്കാനിലെ വസതിയിൽ ബ്രിട്ടനിലെ ചാൾസ് രാജാവിന് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates