

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തില്‍ തനിക്ക് വലിയ കൗതുകമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനിടെ ഇന്ത്യയിലെ ഭാഷാവൈവിധ്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ കാര്യങ്ങളാണ് പുടിന്‍ പങ്കുവച്ചത്. ഇന്ത്യയുടെ വൈവിധ്യം തന്നെ വിസ്മയിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്നാണ് ഇന്ത്യന്‍ സംസ്‌കാരമെന്ന് പുടിന്‍ പറഞ്ഞു. 'ഇന്ത്യന്‍ സംസ്‌കാരത്തെ ഉദാഹരണമായി എടുക്കാം. വളരെ താത്പര്യമുണര്‍ത്തുന്ന പുരാതന സംസ്‌കാരങ്ങളിലൊന്നാണത്. അതിനെക്കുറിച്ച് അറിയുംതോറും എനിക്ക് കൗതുകം വര്‍ധിക്കുകയാണ്' -സ്പുട്‌നിക്കിന് നല്‍കിയ അഭിമുഖത്തില്‍ പുടിന്‍ പറഞ്ഞു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചപ്പോള്‍ ഇന്ത്യയിലെ ഔദ്യോഗിക ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തെക്കുറിച്ച് ചോദിച്ചതായും പുടിന്‍ വെളിപ്പെടുത്തി. രാജ്യത്തെ എത്രപേര്‍ ഔദ്യോഗിക ഭാഷ സംസാരിക്കുന്നുണ്ടെന്നായിരുന്നു ചോദ്യം. ഏകദേശം 60 കോടി ആളുകള്‍ സംസാരിക്കുന്നുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. ഇന്ത്യയുടെ ആകെ ജനസംഖ്യ എത്രയാണെന്ന് വീണ്ടും ചോദിച്ചപ്പോള്‍ 150 കോടിയാണെന്ന് മോദി പറഞ്ഞതായും പുടിന്‍ വ്യക്തമാക്കി.
അതായത് രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ മാത്രമാണ് പ്രധാന ഭാഷ സംസാരിക്കുന്നത്. ബാക്കിയുള്ള മൂന്നില്‍ രണ്ട് ജനവിഭാഗവും വ്യത്യസ്ത പ്രാദേശിക ഭാഷകളാണ് സംസാരിക്കുന്നതെന്ന് മോദി വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു. 'അത്ഭുതകരമല്ലേ? ശരിക്കും വിസ്മയിപ്പിക്കുന്നതാണ്' -എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെക്കുറിച്ചുള്ള പുടിന്റെ പ്രതികരണം.
ഇന്ത്യയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളാണ്. എന്നാല്‍ രാജ്യത്തിന് ഒരു ദേശീയഭാഷയില്ല. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ 22 ഭാഷകള്‍ക്ക് അംഗീകാരമുണ്ട്. അസമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉര്‍ദു തുടങ്ങിയ ഭാഷകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ മാസം വാല്‍ഡായ് ഡിസ്‌കഷന്‍ ക്ലബ്ബില്‍ സംസാരിക്കുന്ന വേളയിലും പുടിന്‍ ഇന്ത്യയുടെ വൈവിധ്യത്തെ പ്രശംസിച്ചിരുന്നു. സവിശേഷവും വൈവിധ്യപൂര്‍ണവും എന്നാല്‍ ഐക്യത്തോടെ നിലകൊള്ളുന്നതുമായ രാജ്യമാണ് ഇന്ത്യയെന്നുമായിരുന്നു അന്ന് അദ്ദേഹത്തിന്റെ പരാമര്‍ശം.
സെപ്റ്റംബര്‍ 11ന് ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു മോദിയും പുടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഓഗസ്റ്റില്‍ കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates