

ദോഹ: ദന്ത ഡോക്ടർമാരായി (ജനറൽ) ഖത്തറിൽ ജോലി ചെയ്യണമെങ്കിൽ ഇനി മുതൽ ദേശീയ യോഗ്യതാ പരീക്ഷ കൂടി പാസാകണം. ഇതുമായി ബന്ധപ്പെട്ട പുതിയ യോഗ്യതാ പരീക്ഷാ മാനദണ്ഡം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ദന്ത ഡോക്ടർമാരുടെ അറിവ് വർധിപ്പിക്കുന്നതിനും, ജനങ്ങൾക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ഖത്തറിന്റെ ആരോഗ്യ സംവിധാനത്തിൽ രോഗികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതാണ് പരീക്ഷയിലൂടെ ലക്ഷ്യം വെക്കുന്നത്.
പുതിയ നിയമപ്രകാരം ഖത്തറിൽ ദന്ത ഡോക്ടർമാരായി ജോലി ചെയ്യാനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ നിലവിലെ മറ്റ് യോഗ്യതാ പരീക്ഷകൾക്ക് പുറമെ ദേശീയ യോഗ്യതാ പരീക്ഷ കൂടി വിജയിക്കണം. പ്രൊമെട്രിക് പ്ലാറ്റ്ഫോം മുഖേന ഓൺലൈൻ ആയാണ് പരീക്ഷ നടത്തുകയെന്ന് ഹെൽത്ത് കെയർ പ്രൊഫഷൻസ് വകുപ്പ് മേധാവി വ്യക്തമാക്കി.
ആദ്യ തവണ പരീക്ഷ എഴുതി പാസ്സായില്ലെന്ന് കരുതി വിഷമിക്കേണ്ട. അഞ്ച് തവണ സമയപരിധിയില്ലാതെ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. മൂന്നര മണിക്കൂർ നീളുന്ന പരീക്ഷയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാകുക. വിജയിക്കാൻ കുറഞ്ഞത് 60 ശതമാനം മാർക്ക് ആവശ്യമാണ്.
ദന്തചികിത്സയുമായി ബന്ധപ്പെട്ട അത്യാധുനിക ചികിത്സാരീതികളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാകും പ്രധാനമായും ഉണ്ടാകുക. ദന്ത ഡോക്ടർമാരുടെ ഇത്രയും നാളത്തെ പരിചയസമ്പത്ത് അളക്കാനുള്ള മാർഗം കൂടിയാണ് ഈ പരീക്ഷയെന്നും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates