മസ്കത്ത്: ഒമാനിലെ പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ,പ്രദർശനങ്ങളോ നടത്തുന്നത് ഒഴിവാക്കണമെന്ന് ഒമാൻ പൊലീസ് അറിയിച്ചു. റോഡുകളിൽ അപകടകരമായി രീതിയിൽ വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഒമാൻ പൊലീസ് രംഗത്ത് എത്തിയത്.
റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് മാസം തടവും 500 ഒമാനി റിയാൽ പിഴയുമാണ് ശിക്ഷ. പൊതുസുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ജനങ്ങൾ ഒഴിവാക്കണം. സുരക്ഷിതമായി യാത്ര ചെയ്യാൻ എല്ലാവരും റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ഒമാൻ പൊലീസ് അഭ്യർത്ഥിച്ചു.
അടുത്തിടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക്ക് സിഗ്നലുകൾ കേന്ദ്രികരിച്ചു ഒമാൻ പൊലീസ് എ ഐ ക്യാമറകൾ സ്ഥാപിച്ചിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക , അമിത വേഗം, ട്രാഫിക് നിയമങ്ങളുടെ ലംഘനം എന്നിവയാണ് പ്രധാനമായും ക്യാമറകളിലൂടെ നീരീക്ഷിക്കാൻ കഴിയുക.
ഇത്തരം ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിഴയ്ക്ക് പുറമെ താൽക്കാലിക ലൈസൻസ് റദ്ദാക്കൽ, വാഹനം കണ്ടുകെട്ടുക, ഡ്രൈവർമാർക്ക് ട്രാഫിക്ക് ബോധവത്കരണ ക്ലാസുകൾ നൽകുക തുടങ്ങിയ നടപടികൾ ആകും ആദ്യ ഘട്ടത്തിൽ നൽകുക. തെറ്റുകൾ ആവർത്തിക്കുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കാനും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates