ബോറിസ് ജോൺസണും നയതന്ത്ര സംഘവും കടന്നുപോയതിന് പിന്നാലെ ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: ലക്ഷ്യമിട്ടത് വിഐപികളെയെന്ന് യുക്രൈൻ

പോളണ്ട് അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെ ആക്രമണം; ട്രെയിനിന്റെ എഞ്ചിൻ തകർത്തു
Russian Drone Hits Train Near Poland Border
Russian Drone Hits Train Near Poland Border
Edited By:
Updated on
1 min read

കീവ്: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ഉന്നത നയതന്ത്ര പ്രതിനിധികൾ സഞ്ചരിച്ച ട്രെയിൻ കടന്നുപോയതിന് തൊട്ടുപിന്നാലെ, യുക്രൈൻ-പോളണ്ട് അതിർത്തിക്ക് സമീപം റെയിൽവേ പാതയിൽ റഷ്യയുടെ അതിശക്തമായ ഡ്രോൺ ആക്രമണം. പോളണ്ട് അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള യാഹോദിൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ എഞ്ചിന് നേരെയാണ് റഷ്യൻ ജെറ്റ് ഡ്രോൺ പതിച്ചത്. ആക്രമണത്തിന് 15 മിനിറ്റ് മുൻപ് ട്രെയിനിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.

തലസ്ഥാനമായ കീവിൽ നടന്ന സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ബോറിസ് ജോൺസൺ, യുകെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ പവൽ എന്നിവരടങ്ങിയ ഉന്നതതല സംഘം സഞ്ചരിച്ച മറ്റൊരു പ്രത്യേക നയതന്ത്ര ട്രെയിൻ ഈ ട്രാക്കിലൂടെ മിനിറ്റുകൾക്ക് മുൻപാണ് കടന്നുപോയത്. പശ്ചിമ യുക്രൈനിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാൽ, പാശ്ചാത്യ വിഐപികൾ സഞ്ചരിച്ച നയതന്ത്ര ട്രെയിൻ തന്നെയായിരുന്നു റഷ്യയുടെ യഥാർത്ഥ ലക്ഷ്യമെന്ന് യുക്രൈൻ റെയിൽവേ കമ്പനിയായ ‘ഉക്രസാലിസ്നിറ്റ്സ്യ’ വ്യക്തമാക്കി. റഷ്യൻ ആക്രമണ ഭീഷണിയെ തുടർന്ന് സമയക്രമത്തിൽ മാറ്റം വരുത്തി വിഐപി ട്രെയിൻ നേരത്തെ സ്റ്റേഷൻ വിട്ടതിനാലാണ് ഡ്രോണിൻറെ പരിധിയിൽ നിന്നും രക്ഷപ്പെട്ടത്.

സംഭവം നടക്കുമ്പോൾ യാഹോദിൻ സ്റ്റേഷനിലെ മറ്റൊരു ട്രെയിനിലുണ്ടായിരുന്ന മുൻ സിഐഎ മേധാവി ജനറൽ ഡേവിഡ് പെട്രേയസ്, ആക്രമണം അതീവ ഭീതിജനകമായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തി. "യുക്രൈനിലെ സാധാരണക്കാരെ ഭയപ്പെടുത്താൻ ഒരു കിരാത ഭരണാധികാരി നടത്തുന്ന പൈശാചികമായ അക്രമമാണിത്," അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മുൻ സ്വീഡിഷ് പ്രധാനമന്ത്രി കാൾ ബിൽഡ്റ്റ് സഞ്ചരിച്ച ട്രെയിനും ആക്രമണ സമയത്ത് തൊട്ടടുത്ത് കുടുങ്ങിയിരുന്നു. ട്രെയിനിൽ നിന്ന് അടിയന്തരമായി ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകിയെങ്കിലും മിനിറ്റുകൾക്ക് ശേഷം അപായഭീഷണി ഒഴിഞ്ഞതായി അറിയിക്കുകയും യാത്ര തുടരുകയുമായിരുന്നുവെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. തുടർന്ന് ഈ ട്രെയിൻ പോളണ്ടിലെ ദോറോഹുസ്ക് അതിർത്തി സ്റ്റേഷനിൽ സുരക്ഷിതമായി എത്തിച്ചേർന്നു. നാറ്റോ സഖ്യരാജ്യമായ പോളണ്ടിന്റെ തൊട്ടടുത്ത് റഷ്യ നടത്തിയ ഈ വ്യോമാക്രമണം അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്. വിദേശ നയതന്ത്രജ്ഞരെ അപായപ്പെടുത്താൻ ബോധപൂർവ്വമായ നീക്കം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായോ എന്നതിൽ ആഗോളതലത്തിൽ അന്വേഷണവും ആശങ്കയും ശക്തമായിട്ടുണ്ട്.

Summary

In a deeply alarming escalation along the fringes of NATO territory, a Russian jet-propelled drone struck the locomotive engine of a passenger train at Yahodyn, located merely two kilometers from the Ukraine-Poland frontier

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com