

മസ്‌കറ്റ്: പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കി യുഎസ് - ഇറാന്‍ സംഘര്‍ഷ ഭീതിയ്ക്കിടെ ഒമാനില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നു. മുതിര്‍ന്ന യുഎസ്, ഇറാന്‍ ഉദ്യോഗസ്ഥര്‍ ഒമാനില്‍ കൂടിക്കാഴ്ചയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇറാന് എതിരെ തിരിഞ്ഞത്. പശ്ചിമേഷ്യന്‍ മേഖലയില്‍ വലിയ സേനാ വിന്യാസമാണ് യുഎസ് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം എന്നാണ് റിപ്പോര്‍ട്ട്.
ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമ്പോഴും നിലപാടുകളിലെ സമവായ സാധ്യത ഏറെ വിദൂരത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ആണവ പദ്ധതി മരവിപ്പിക്കണം, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യുഎസ് മുന്നോട്ട് വയ്ക്കുന്നത്. ഇതിന് പുറമെ ഇറാന്റെ പക്കലുള്ള ബാലിസ്റ്റിക് മിസൈലുകള്‍, പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ, പൗരന്മാരോടുള്ള പെരുമാറ്റം എന്നിവയും ചര്‍ച്ചയുടെ ഭാഗമാക്കണം എന്നാണ് യുഎസ് നിലപാട്. എന്നാല്‍, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും ചര്‍ച്ചയെന്നാണ് ഇറാന്‍ നിലപാട്.
അതിനിടെ, ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയെ ലക്ഷ്യമിട്ട് വീണ്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഖൊമേനി വളരെ ആശങ്കപ്പെടേണ്ടതുണ്ടെന്നാണ് യുഎസ് പ്രസിഡന്റിന്റെ പുതിയ പ്രതികരണം. എന്‍ബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കര്‍ക്കശമായ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകളില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates