

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ബുധനാഴ്ച മുതല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവ്. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം അടക്കം ജനിതക മാറ്റം വന്ന പുതിയ കൊറോണ വൈറസുകള്‍ കുട്ടികളില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കോവിഡ് വകഭദേങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനും സിംഗപ്പൂര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
സിംഗപ്പൂരില്‍ ഏതാനും നാളുകളായി കോവിഡ് നിയന്ത്രണവിധേയമായിരുന്നു. മാസങ്ങളോളം ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ കോവിഡിന്റെ പ്രാദേശിക വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബുധനാഴ്ച മുതല്‍ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും ജൂനിയര്‍ കോളജുകളും അടച്ചിടാനാണ് തീരുമാനിച്ചത്. സ്‌കൂള്‍ അധ്യയനം മെയ് 28ന് അവസാനിക്കുകയാണ്. അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം.
പുതുതായി 38 കൊറോണ കേസുകളാണ് സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. എട്ടുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കുട്ടികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ട്യൂഷന്‍ സെന്ററുകളില്‍ നിന്നാകാം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 എന്ന കോവിഡ് വകഭേദമാണ് കുട്ടികളെ കൂടുതലായി ബാധിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ചില വകഭേദങ്ങള്‍ കൂടുതല്‍ മാരകമാണ്. ഇത് എട്ടുവയസില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തായ്‌വാനിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates