വില്ലന്‍ പക്ഷികള്‍ തന്നെയോ? വിമാന ദുരന്തത്തിന് കാരണം കണ്ടെത്താനാകാതെ ദക്ഷിണ കൊറിയ

അപകടത്തിന് കാരണം പക്ഷികള്‍ ഇടിച്ചതാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍
South Korea Plane crash cause of accident not yet determined
ദക്ഷിണ കൊറിയ വിമാന ദുരന്തംഎപി
Updated on
1 min read

സോള്‍: ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാന അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും അപകടകാരണം എന്തെന്ന് കണ്ടെത്താനാകാതെ അന്വേഷണ ഉദ്യോഗസ്ഥര്‍. അപകടത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നാണ് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

അപകടത്തിന് കാരണം പക്ഷികള്‍ ഇടിച്ചതാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചെന്നും മോശം കാലാവസ്ഥയും അപകടകാരണമായെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ആക്ടിങ് പ്രസിഡന്റ് ചോയ് സാങ് മോക്ക് രാജ്യത്തിന്റെ മൊത്തത്തിലുള്ള വിമാന ഓപ്പറേഷന്‍ സംവിധാനങ്ങളുടെ അവലോകനം നടത്താന്‍ ഗതാഗത മന്ത്രാലയത്തോടും പൊലീസിനോടും നിര്‍ദ്ദേശിച്ചിരുന്നു. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യോമയാന സുരക്ഷാ സംവിധാനങ്ങള്‍ മൊത്തത്തില്‍ നവീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

'വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ മാനുവലായി താഴ്ത്തിയിരുന്നില്ല, ഇത് ലാഡിങ്ങിന് തയാറെടുക്കാന്‍ സമയം കിട്ടിയില്ലെന്ന് സൂചിപ്പിക്കുന്നതായി' സേഫ്റ്റി ഓപ്പറേറ്റിങ് സിസ്റ്റംസിന്റെ സിഇഒയുമായ ജോണ്‍ കോക്‌സ് പറഞ്ഞു. വിമാനത്തിന്റെ വേഗം കുറയ്ക്കാന്‍ പൈലറ്റുമാര്‍ ഫ്‌ലാപ്പുകളോ സ്ലാറ്റുകളോ ഉപയോഗിച്ചില്ലെന്നും ഇത് ഹൈഡ്രോളിക് തകരാറുണ്ടാക്കാനുള്ള സാധ്യത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. വിഡിയോകളില്‍ വിമാനത്തിന് എഞ്ചിന്‍ തകരാറുണ്ടെന്ന് കാണിച്ചെങ്കിലും ലാന്‍ഡിങ് ഗിയര്‍ തകരാറാണ് അപകടത്തിന് നേരിട്ടുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായി കണ്‍ട്രോള്‍ ടവര്‍ പക്ഷികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായും മറ്റൊരിടത്ത് ലാന്‍ഡ് ചെയ്യാന്‍ ക്രൂവിന് അനുമതി നല്‍കിയതായുമാണ് ഗതാഗത മന്ത്രാലയം പറയുന്നത്. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ പൈലറ്റ് അപകട സിഗ്‌നല്‍ അയച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകളും വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ എടുത്തേക്കാം എന്ന് ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥനായ ജൂ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബാങ്കോക്കില്‍ നിന്ന് യാത്ര തിരിച്ച ജെജു എയറിന്റെ ബോയിങ് വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. വിമാന ദുരന്തത്തില്‍ 181 യാത്രക്കാരില്‍ രണ്ട് പേര്‍ മാത്രമായിരുന്നു രക്ഷപ്പെട്ടത്. രക്ഷപ്പെട്ട രണ്ട് പേരും വിമാനത്തിലെ ജീവനക്കാരാണ്. പ്രാദേശിക സമയം രാവിലെ 09.07നായിരുന്നു അപകടം. വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ 175 പേര്‍ യാത്രക്കാരും ആറ് പേര്‍ ജീവനക്കാരുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com