ദക്ഷിണ കൊറിയ വിമാന അപകടം: മരണം 176 ആയി, രണ്ടു പേരെ രക്ഷപ്പെടുത്തി

ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ജെജു വിമാനം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 176 ആയി ഉയര്‍ന്നു
176 dead in South Korea plane crash, 2 survivors found
ദക്ഷിണ കൊറിയ വിമാന അപകടത്തിൽ മരണം 176 ആയിഎപി
Updated on
1 min read

സോള്‍: ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ജെജു വിമാനം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 176 ആയി ഉയര്‍ന്നു. ക്രൂ അംഗങ്ങളായ രണ്ടു പേരെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങളില്‍ നിന്നാണ് ഇവരെ പുറത്തെടുത്തത്. മറ്റ് മൂന്ന് പേരെ കാണാതായി. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നായി ഇത് മാറി.

ബോയിംഗ് 737-800 വിമാനം ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളുടെ വീഡിയോകളില്‍ വിമാനത്തിന്റെ അടിവശം റണ്‍വേയില്‍ മുട്ടി നിരങ്ങി നീങ്ങുന്നത് കാണാം. തുടര്‍ന്ന് മതിലില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നത്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പറന്ന വിമാനത്തില്‍ 181 പേരുണ്ടായിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തിയതായും മറ്റുള്ളവരെല്ലാം മരിച്ചതായി സംശയിക്കുന്നതായും ദേശീയ അഗ്നിശമന ഏജന്‍സി അറിയിച്ചുവെന്ന് ദക്ഷിണ കൊറിയയിലെ യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തിന്റെ ദൃശ്യങ്ങളില്‍ വിമാനം ബെല്ലി ലാന്‍ഡിങ് നടത്തുന്നതും മതിലില്‍ ഇടിച്ച് തീപിടിക്കുന്നതും കാണാം. ലാന്‍ഡിങ് ഗിയര്‍ തകരാറിലായതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിച്ചത്. പതിവ് ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റ് ക്രാഷ് ലാന്‍ഡിങ്ങിന് ശ്രമിച്ചതായും വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷി ഇടിച്ചതിന്റെ ഫലമായിരിക്കാം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് എന്ന് കരുതുന്നു. ടയറുകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാകാം ക്രാഷ് ലാന്‍ഡിങ് നടത്തിയത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ആസൂത്രിതമായ ബെല്ലി ലാന്‍ഡിങ്ങാണെങ്കില്‍ ഫയര്‍ഫോഴ്‌സ് എന്തുകൊണ്ട് റണ്‍വേയ്ക്ക് സമീപം എത്തിയില്ല എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിന് മുമ്പ് വിമാനം എന്തുകൊണ്ട് വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നില്ല എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. സാങ്കേതിക തകരാര്‍ കണ്ടെത്തിയാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് വരെ വിമാനത്താവളത്തിന് ചുറ്റം വിമാനം വട്ടമിട്ട് പറക്കാറുണ്ട്. എന്തുകൊണ്ട് ഇത് ഇവിടെ ഉണ്ടായില്ല എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com