

കൊളംബോ: കടലാസ് ക്ഷാമത്തെത്തുടർന്ന് ശ്രീലങ്കയിൽ നാളെ മുതൽ നടത്താനിരുന്ന സ്കൂൾ പരീക്ഷകൾ മാറ്റിവച്ചു. കടലാസും മഷിയുമില്ലാത്തതിനാൽ അച്ചടി മുടങ്ങിയതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച മുതൽ നടക്കാനിരുന്ന പരീക്ഷ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്താകെ 45 ലക്ഷം വിദ്യാർത്ഥികളാണുള്ളത്.
കോവിഡ് മൂലം ടൂറിസത്തിനുണ്ടായ തിരിച്ചടി, ഇന്ധനവിലക്കയറ്റം, തേയില കയറ്റുമതിയിലെ പ്രതിസന്ധി തുടങ്ങിയവ ശ്രീലങ്കയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വിദേശ നാണയശേഖരം കാലിയായതോടെയാണ് ശ്രീലങ്കയിൽ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാകാതെയായത്. അരിക്കും പാലിനും അടക്കം മുഴുവൻ നിത്യോപയോഗ വസ്തുക്കൾക്കും കുത്തനെ വിലകൂടിയിട്ടുണ്ട്.
ഇക്കൊല്ലം മാത്രം 690 കോടി ഡോളർ (ഏകദേശം 51,750 കോടി രൂപ) വിദേശകടം തിരിച്ചടയ്ക്കാനുള്ള ശ്രീലങ്കയുടെ വിദേശനാണ്യശേഖരം നിലവിൽ 230 കോടി ഡോളർ (ഏകദേശം 17,250 കോടി രൂപ) മാത്രമാണ്. ഇന്ത്യയിൽ നിന്ന് അടിയന്തരസഹായമായി 100 കോടി ഡോളർ ലഭിച്ചു. ഐഎംഎഫ് സഹായത്തോടെ വായ്പകൾ പുനഃക്രമീകരിച്ചു പ്രതിസന്ധിയിൽനിന്നു കരകയറാനാണ് ഇപ്പോഴത്തെ ശ്രമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates