

മതവിശ്വാസങ്ങളെയും ആചാരങ്ങളേയും മുറുകെപ്പിടിച്ചുകൊണ്ടു തന്നെ നിലപാടുകളെടുക്കുന്ന കാര്യത്തില്‍ ഉറച്ച ശബ്ദമായിരുന്നു എന്നും മാര്‍പാപ്പയുടേത്. സാധാരണക്കാരേയും സ്ത്രീകളേയും ഭിന്ന ലിംഗക്കാരേയും യുദ്ധമുഖത്തുള്ളവരേയുമെല്ലാം മുറുകെ പിടിച്ചുകൊണ്ടായിരുന്നു യാത്ര. ഇടയ്ക്ക് ഗോസിപ്പ് പറഞ്ഞ് നടക്കുന്ന കന്യാസ്ത്രീ സമൂഹത്തോട് ഭാഷ കടുപ്പിച്ച് കൊണ്ടു തന്നെ താക്കീതും ചെയ്തു.
'ഞാന്‍ കമ്യൂണിസ്റ്റ് അല്ല'
കത്തോലിക്കാ സഭയിലെ സാധാരണക്കാരുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉയര്‍ത്താനുള്ള പോപ്പ് ഫ്രാന്‍സിസിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതലാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളും ശ്രദ്ധേയമായിരുന്നു. 'ലാദാത്തോ സെ' എന്ന ചാക്രികലേഖനത്തില്‍ ആഗോളവത്കരണം അടിച്ചേല്‍പ്പിച്ച സാമ്പത്തിക അനീതികളെക്കുറിച്ച് പോപ്പ് ഫ്രാന്‍സിസ് വിശദമാക്കിയിരുന്നു. അമേരിക്കയിലെ തീവ്രവലതുപക്ഷം വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പ കുലുങ്ങിയില്ല. 'ഞാന്‍ കമ്യൂണിസ്റ്റ് അല്ല. പക്ഷേ, അവര്‍ ശരിപറഞ്ഞാല്‍ അത് ശരിയാണ് എന്ന് ഞാന്‍ പറയും' എന്നായിരുന്നു ഇതിനോടുള്ള മാര്‍പാപ്പയുടെ പ്രതികരണം.
സ്വവര്‍ഗാനുരാഗികളെ ചേര്‍ത്ത് പിടിച്ചു
അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നല്‍കിയ പിന്തുണയിലൂടെയും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റി. ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയുടെ സമീപനവും ഏറെ ചര്‍ച്ചയായിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠ എടുത്തുപറയേണ്ടതാണ്. വത്തിക്കാന്‍ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി അദ്ദേഹം മാറ്റി. അവരെ 'തെരുവിലെ പ്രഭുക്കന്മാര്‍' എന്ന് അദ്ദേഹം വിളിച്ചു. ഈസ്റ്ററിന് മുമ്പുള്ള വ്യാഴാഴ്ച പരമ്പരാഗത കാല്‍കഴുകല്‍ ചടങ്ങില്‍ അദ്ദേഹം കുടിയേറ്റക്കാരുടെയും തടവുകാരുടെയും പാദങ്ങള്‍ കഴുകി. അക്രൈസ്തവരുടെ കാലുകളും കഴുകിയും മാര്‍പാപ്പ ചരിത്രം സൃഷ്ടിച്ചു. സ്വവര്‍ഗ്ഗാനുരാഗികളോടും ലെസ്ബിയന്‍ കത്തോലിക്കരോടും കൂടുതല്‍ സ്വാഗതാര്‍ഹമായ മനോഭാവം പ്രകടിപ്പിച്ച മാര്‍പാപ്പയായിരുന്നു പോപ്പ് ഫ്രാന്‍സിസ്. വത്തിക്കാനില്‍ തന്നോടൊപ്പം ഇടപഴകാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചിരുന്നു.
'ഗോസിപ്പ് നിര്‍ത്തൂ....'
ആളുകളെ കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുനടക്കുന്ന കന്യാസ്ത്രീകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു അദ്ദേഹം. ഗോസിപ്പ് പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാവരോടും സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും പെരുമാറുന്ന ജീവിതശൈലി സ്വീകരിക്കണമെന്നും കന്യാസ്ത്രീകളെ ഉപദേശിച്ചു. കന്യാസ്ത്രീകള്‍ മുഖം കനപ്പിച്ചു നടക്കുന്നതു കാരണം ആളുകള്‍ സഭയില്‍നിന്ന് അകലുകയാണെന്ന വിമര്‍ശനവും ഉന്നയിച്ചു മാര്‍പാപ്പ. സെന്റ് കാതറിന്‍ ഓഫ് സീന വിഭാഗത്തില്‍പെട്ട ഡൊമിനിക്കന്‍ സഭയില്‍നിന്നുള്ള ഒരു സംഘം കന്യാസ്ത്രീകളോട് സംവദിക്കുന്നതിനിടെയാണ് അപവാദപ്രചാരണങ്ങള്‍ക്കെതിരെ അദ്ദേഹം സ്വരം കടുപ്പിച്ചത്. 'ഗോസിപ്പ് വിഷമാണ്, നാശമാണ്. നിങ്ങള്‍ക്കിടയില്‍ ഗോസിപ്പ് പരിപാടികള്‍ ഉണ്ടാകരുത്. സ്ത്രീകളോട് ഇങ്ങനെയൊരു ആവശ്യമുയര്‍ത്തുന്നത് അല്‍പം കടന്ന കൈയാണെന്ന് അറിയാം. എന്നാലും, അപവാദം പറഞ്ഞു നടക്കുന്ന ശീലം നിര്‍ത്തി നമുക്ക് മുന്നോട്ടുപോകാം..'-മാര്‍പാപ്പ പറഞ്ഞു.
വധശിക്ഷയോട് മുഖം തിരിച്ചു
വധശിക്ഷയുടെ കാര്യത്തിലും അദ്ദേഹത്തിന് ശക്തമായ നിലപാടാണുണ്ടായിരുന്നത്. വധശിക്ഷയോട് പൂര്‍ണമായും എതിര്‍പ്പ് പ്രകടിപ്പിച്ചു. ചില സാഹചര്യങ്ങളില്‍ വധശിക്ഷ അനുവദനീയമാണെന്ന സഭയുടെ നിലപാടിനാണ് ഇതോടെ മാറ്റംവന്നത്. വ്യക്തിയുടെ അലംഘനീയമായ അവകാശത്തിനും അന്തസ്സിനും നേര്‍ക്കുള്ള ആക്രമണം ആകയാല്‍ വധശിക്ഷയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലേക്ക് സഭ എത്തി. വധശിക്ഷ പ്രോത്സാഹിപ്പിക്കുന്നത് പ്രതികാരത്തിന്റെ ഭീകരമായ മനോഭാവത്തെയാണെന്നും അത് ജയിലില്‍ അടയ്ക്കപ്പെട്ട മനുഷ്യര്‍ക്ക് പരിവര്‍ത്തിതരാകാനുള്ള അവസരം നിഷേധിക്കലാണെന്നുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നത്.
യുദ്ധമുഖത്തെ ജനങ്ങളോടുള്ള കരുതല്‍
ഒരു യുദ്ധത്തെയും നീതികരിക്കാനാകില്ലെന്ന നിലപാടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ടായിരുന്നത്. രോഗഗ്രസ്തനായി, ആശുപത്രിക്കിടക്കയില്‍ കഴിയുമ്പോഴും റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇത് വ്യക്തമായിരുന്നു. യുദ്ധത്തിന്റെ മൂന്നാംവാര്‍ഷികത്തെ മനുഷ്യരാശിക്കാകെ വേദനാജനകവും ലജ്ജാപൂര്‍ണവുമായ വേളയെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. ഏറ്റവും അവസാനം ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴും യുദ്ധമുഖത്തെ ദുരിതങ്ങളായിരിക്കാം ആ മനസിലുണ്ടായിരുന്നത്. അതാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യാന്‍ ആ മനസ് പറഞ്ഞത്. പലസ്തീനിലും ഇസ്രായേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്ന് അദ്ദേഹം പറയാനുണ്ടായ കാരണവും യുദ്ധമുഖത്തെ ജനതയോടുള്ള അദ്ദേഹത്തിന്റെ കരുതലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates