പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍, ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം, ഒഴിപ്പിക്കല്‍ യജ്ഞവുമായി ഇന്ത്യ - വീഡിയോ 

അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ച താലിബാന്‍ രാജ്യത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചു
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പോസ്റ്ററുകള്‍ വെള്ളപൂശുന്നു- ട്വിറ്റര്‍ ചിത്രം
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പോസ്റ്ററുകള്‍ വെള്ളപൂശുന്നു- ട്വിറ്റര്‍ ചിത്രം
Updated on: 
1 min read

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ച താലിബാന്‍ രാജ്യത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചു. മുന്‍ സര്‍ക്കാരുകളോടൊത്ത് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മാപ്പ് നല്‍കുന്നതായി വ്യക്തമാക്കിയ താലിബാന്‍ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല എന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതിന് താലിബാന്‍ ജീവനക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ദൈനംദിന ജീവിതം പൂര്‍ണ ആത്മവിശ്വാസത്തോടെ സാധാരണമട്ടില്‍ പുനരാരംഭിക്കാമെന്നും പൊതുമാപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് താലിബാന്‍ വ്യക്തമാക്കി. 

120 ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഇന്നലെ വൈകീട്ടോടെ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. അതിനിടെ കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു. കാബൂളിലെ അംബാസഡറെയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയവും വിലയിരുത്തി. ഇന്ത്യയിലേക്ക് അടിയന്തരമായി പ്രവേശിക്കുന്നതിന് ഇ-എമര്‍ജന്‍സി എക്സ് മിസ്‌ക് വിസ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 

അടിയന്തരഘട്ടം നേരിടാന്‍ സജ്ജമായിരിക്കാന്‍ വ്യോമസേനയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ സഹായവും കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്. താലിബാനുമായി ബന്ധപ്പെടാനും ഇന്ത്യന്‍ എംബസി ശ്രമിക്കുന്നുണ്ട്. 

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം. +919717785379 എന്ന ഫോണ്‍ നമ്പറിലും MEAHelpdeskIndia@gmail.com എന്ന മെയില്‍ ഐഡിയിലും സഹായം ആവശ്യപ്പെടാം.

അതിനിടെ, അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഏറിയ പങ്കും ഐഎസ്, അല്‍ഖായിദ തീവ്രവാദികളാണ്. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസ്സില്‍ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com