വാഷിങ്ടൺ: വിഖ്യാത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്‌സർ പുരസ്‌കാര ജേതാവുമായ ഡാനിഷ് സിദ്ദിഖി സംഘർഷത്തിൽ മരിച്ചതല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അദ്ദേഹത്തെ താലിബാൻ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അമേരിക്കൻ മാസികയായ വാഷിങ്ടൺ എക്‌സാമിനറാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
റോയിട്ടേഴ്സിന് വേണ്ടി ജോലി ചെയ്യുന്ന 38 കാരനായ ഡാനിഷ് താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള വെടിവെപ്പിൽ മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. കാണ്ഡഹാർ സിറ്റിയിലെ സ്പിൻ ബോൾഡാക്ക് ജില്ലയിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹം മരിച്ചത്. എന്നാൽ താലിബാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടിൽ പറയുന്നത്.
വാഷിങ്ടൺ എക്‌സാമിനറുടെ റിപ്പോർട്ട് പ്രകാരം അഫ്ഗാൻ സൈന്യത്തിനൊപ്പമാണ് ഡാനിഷ് സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോകുന്നത്. അഫ്ഗാനിസ്ഥാൻ- പാകിസ്ഥാൻ അതിർത്തിയുടെ നിയന്ത്രണം കരസ്ഥമാക്കാൻ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്യാനായിരുന്നു യാത്ര. കസ്റ്റംസ് പോസ്റ്റ് കടന്ന് കുറച്ചു മുന്നോട്ടു പോയപ്പോൾ താലിബാന്റെ ആക്രമണം ഉണ്ടായി. ഇതോടെ ഡാനിഷ് ഉൾപ്പെട്ട അഫ്ഗാൻ സൈന്യത്തിന്റെ സംഘം കൂട്ടംതെറ്റി.
കമാൻഡറും കുറച്ചു സൈനികരും ഒരു ഭാഗത്തും ഡാനിഷും മൂന്ന് അഫ്ഗാൻ സൈനികർ വേറൊരിടത്തും. ഈ ആക്രമണത്തിനിടെ ഡാനിഷിന് ഒരു വെടിയുണ്ട ഏറ്റു. തുടർന്ന് ഡാനിഷും മറ്റ് സൈനികരും പ്രദേശത്തെ ഒരു മോസ്‌ക്കിലെത്തി. അവിടെ അദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ ലഭിച്ചു. ഡാനിഷ് മോസ്‌കിലുണ്ടെന്ന വാർത്ത പ്രചരിച്ചതോടെ, താലിബാൻ അവിടേക്ക് ആക്രമണം നടത്തുകയായിരുന്നു. ഡാനിഷ് ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് താലിബാൻ മോസ്‌ക്ക് ആക്രമിച്ചതെന്ന് പ്രാദേശിക അന്വേഷണത്തിൽ വ്യക്തമായതായും റിപ്പോർട്ടിൽ പറയുന്നു.
താലിബാൻ പിടികൂടുമ്പോൾ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവർ ഡാനിഷിനെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി. ഡാനിഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അഫ്ഗാൻ സൈനിക കമാൻഡറും മറ്റ് സംഘാംഗങ്ങളും കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്. യുദ്ധ നിയമങ്ങളെയും മറ്റും മാനിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ഡാനിഷിനെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്താനുള്ള താലിബാന്റെ തീരുമാനം വ്യക്തമാക്കുന്നതെന്നും വാഷിങ്ടൺ എക്‌സാമിനർ റിപ്പോർട്ടിൽ പറയുന്നു.
ഡാനിഷന്റെ മുഖം തിരിച്ചറിയുന്ന വിധത്തിലുള്ള ഫോട്ടോയാണ് വ്യാപകമായി പ്രചരിച്ചത്. മറ്റു ഫോട്ടോകളും ഡാനിഷിന്റെ മൃതദേഹത്തിന്റെ വീഡിയോയും പരിശോധിച്ചപ്പോൾ താലിബാൻ അദ്ദേഹത്തിന്റെ തലയ്ക്കു ചുറ്റും അടിച്ചിരുന്നതായും ശേഷം നിരവധി തവണ വെടിയുതിർത്തതായും മനസിലാക്കാൻ കഴിഞ്ഞുവെന്ന് അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ മൈക്കിൾ റൂബിൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates