ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കില്‍ കുറ്റമില്ല, പുരുഷന് ശിക്ഷിക്കാന്‍ അധികാരം; ഗാര്‍ഹികപീഡനം അനുവദിച്ച് താലിബാന്റെ ക്രിമിനല്‍ നിയമം

പുതിയ നിയമപ്രകാരം കുറ്റവാളിയുടെ ശിക്ഷ സാമൂഹിക നില അനുസരിച്ച് വ്യത്യസ്തമായിരിക്കും
Afgan womens
Afgan womensഎക്സ്
Updated on
1 min read

കാബൂള്‍: എല്ലുകള്‍ ഒടിയുകയോ മുറിപ്പാടുകള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ലെങ്കില്‍ പീഡനപരാതി നിലനില്‍ക്കില്ല! ഗാര്‍ഹിക പീഡനം നിയമാനുസൃതമാക്കുക ലക്ഷ്യമിട്ട് താലിബാന്‍ അവതരിപ്പിച്ച പുതിയ ക്രിമിനല്‍ നിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരം പുരുഷന് നിയമപരമായി അനുവദിക്കാനാണ് താലിബാന്റെ നീക്കം.

Afgan womens
രണ്ട് മാസം പ്രായം, ബ്രോങ്കൈറ്റിസ് ബാധിച്ച കുഞ്ഞിനെ യുഎസ് നാടുകടത്തി, വ്യാപക വിമര്‍ശനം

ബലപ്രയോഗം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ അസ്ഥികള്‍ക്ക് ഒടിവോ മുറിവുകളോ ഉണ്ടായാല്‍ ഭര്‍ത്താവിന് 15 ദിവസം ജയില്‍ ശിക്ഷ ലഭിക്കും. കോടതിയില്‍ ഇക്കാര്യം സ്ത്രീകള്‍ തെളിയിച്ചാല്‍ മാത്രമേ പുരുഷന് ശിക്ഷ ലഭിക്കുകയുള്ളൂ. ശരീരം പൂര്‍ണമായി മറച്ച് മുറിവുകള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ. പരാതിക്കാരിയുടെ ഭര്‍ത്താവോ, സംരക്ഷകനായ പുരുഷനോ ഒപ്പമുണ്ടായിരിക്കണമെന്നും നിയമത്തില്‍ പറയുന്നു.

താലിബാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ ഒപ്പിട്ട പുതിയ നിയമപ്രകാരം കുറ്റവാളിയുടെ ശിക്ഷ സാമൂഹിക നില അനുസരിച്ച് വ്യത്യസ്തമായിരിക്കും. നിയമത്തിന്റെ 9-ാം അനുച്ഛേദം സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിക്കുന്നു. മതപണ്ഡിതന്മാർ (ഉലമ), ഉന്നത വിഭാ​ഗം (അഷ്‌റഫ്), ഇടത്തരം വർഗം, താഴ്ന്ന വർഗം. ഒരേ കുറ്റത്തിനുള്ള ശിക്ഷ കുറ്റത്തിന്റെ സ്വഭാവമോ ഗൗരവമോ അനുസരിച്ചല്ല മറിച്ച് പ്രതി ഏതു വിഭാ​ഗത്തിൽപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

ഇസ്ലാമിക മതപണ്ഡിതനാണ് കുറ്റം ചെയ്തതെങ്കിൽ ഉപദേശം മാത്രമായിരിക്കും ശിക്ഷ. കുറ്റവാളി ഉന്നത വിഭാഗത്തിൽ പെട്ടയാളാണെങ്കിൽ കോടതിയിലേക്ക് സമൻസ് അയക്കുകയും ഉപദേശം നൽകുകയും ചെയ്യും. ഇടത്തരം വർഗക്കാർക്ക്, ഇതേ കുറ്റത്തിന് തടവുശിക്ഷ ലഭിക്കുന്നു. എന്നാൽ താഴ്ന്ന വർഗത്തിൽപ്പെട്ടവരാണെങ്കിൽ തടവുശിക്ഷയും ശാരീരികമായ ശിക്ഷയും ലഭിക്കും. ഗുരുതരമായ കുറ്റങ്ങൾക്ക് ശാരീരിക ശിക്ഷ നൽകുന്നത് ഇസ്ലാമിക പുരോഹിതർ ആയിരിക്കും. പുതിയ നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ ഒരു കുറ്റമാണെന്ന് നിയമം അനുശാസിക്കുന്നുവെന്നാണ് റിപ്പോർട്ട്.

Afgan womens
ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണം; പാകിസ്ഥാന് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പടെ 14 പേർ

ഭർത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീയ്ക്ക് മൂന്നുമാസം വരെ ജയിൽശിക്ഷ ലഭിക്കാമെന്നും നിയമം വ്യക്തമാക്കുന്നു. 90 പേജുള്ള പുതിയ ക്രിമിനൽനിയമം സ്ത്രീകളോടുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള 2009ലെ നിയമം റദ്ദാക്കിയിട്ടുണ്ട്. അമേരിക്കൻ പിന്തുണയുള്ള മുൻ ഭരണകൂടം അവതരിപ്പിച്ച നിയമമാണ് റദ്ദാക്കിയത്. മനുഷ്യവകാശസംഘടനകൾ താലിബാന്റെ പുതിയ ക്രിമിനൽ നിയമം നടപ്പാക്കുന്നതിനെതിരെ ഐക്യരാഷ്ട്രസംഘടന ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Summary

Taliban's new criminal law allows domestic violence in Afganistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com