വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വംശജന്‍ പെന്റഗണിന്റെ തലവനാകുന്നു. ആഫ്രിക്കന്‍- അമേരിക്കന്‍ വംശജനായ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുത്തതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2003-ല്‍ യുഎസ് സൈന്യത്തെ ബാഗ്ദാദിലേക്ക് നയിച്ച, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവനായിരുന്നു ലോയ്ഡ് ഓസ്റ്റിന്‍.
ഇക്കാര്യത്തില്‍ താന്‍ തീരുമാനമെടുത്തതായി ബൈഡന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
നാല് ദശാബ്ദക്കാലം സൈന്യത്തില്‍ ചെലവഴിച്ച വ്യക്തിയാണ് ലോയ്ഡ് ഓസ്റ്റിന്‍. വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയില്‍ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. പ്ലാറ്റൂണുകളെ നയിക്കല്‍, ലോജിസ്റ്റിക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം, റിക്രൂട്ടിങ്ങിന്റെ മേല്‍നോട്ടം, മുതിര്‍ന്ന പെന്റഗണ്‍ ജോലികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ് ലോയ്ഡ്. 2003ല്‍ ഇറാഖ് അധിനിവേശ സമയത്ത് കുവൈറ്റില്‍ നിന്ന് ബാഗ്ദാദിലേക്ക് മാര്‍ച്ച് നടത്തിയ മൂന്നാം കാലാള്‍പ്പട വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡിവിഷന്‍ കമാന്‍ഡറായിരുന്നു അദ്ദേഹം.
2003 അവസാനം മുതല്‍ 2005 വരെ അഫ്ഗാനിസ്ഥാനില്‍ കമ്പൈന്‍ഡ് ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് 180ന്റെ സേനാനായകത്വം വഹിച്ചത് ലോയ്ഡാണ്. 2010ല്‍ ലോയ്ഡിനെ ഇറാഖിലെ യുഎസ് സൈന്യത്തിന്റെ കമാന്‍ഡിങ് ജനറലായി നിയോഗിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം മിഡില്‍ ഈസ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും പെന്റഗണ്‍ ദൗത്യങ്ങളുടെ ചുമതലയുളള സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡറായി നിയോഗിക്കപ്പെട്ടു.
2016ലാണ് ലോയ്ഡ് ഓസ്റ്റിന്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത്. റെയ്‌ത്തോണ്‍ ടെക്‌നോളജീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാകുന്നത് അതേ തുടര്‍ന്നാണ്. പെന്റഗണിന്റെ ഏറ്റവും വലിയ കോണ്‍ട്രാക്ടറാണ് റെയ്‌ത്തോണ്‍ ടെക്‌നോളജീസ്.
അതേസമയം ഓസ്റ്റിന്‍ പദവി ഏറ്റെടുക്കുന്നതിന് സെനറ്റിന്റെ സ്ഥീരീകരണം ആവശ്യമാണ്. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം പെന്റഗണ്‍ മേധാവിയാകണമെങ്കില്‍ ഏഴ് വര്‍ഷം കഴിഞ്ഞെ പാടുള്ളൂ എന്ന ഫെഡറല്‍ നിയമം ഉളളതിനാല്‍ സെനറ്റില്‍ നിന്ന് പ്രത്യേക അനുമതി ലോയ്ഡിന് ലഭിക്കേണ്ടതുണ്ട്. ഇതിനുമുമ്പ് രണ്ടുതവണ ഈ നിയമത്തില്‍ ഇളവ് നല്‍കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണസമയത്തെ ആദ്യ പ്രതിരോധ സെക്രട്ടറിയായ ജനറല്‍ ജിം മാറ്റിസിന് സമീപകാലത്ത് ഇളവ് അനുവദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
