

നട്ടുച്ച സമയത്തും ഇരുട്ട് മൂടും, താപനില കുറയും നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാകും ഇവയെല്ലാം സംഭവിക്കാന്‍ പോകുകയാണ്. സമ്പൂര്‍ണ സൂര്യഗ്രഹണം അടുത്തിരിക്കുകയാണ്. സാധാരണമായ ഒരു സൂര്യ ഗൃഹണമല്ല ഇത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നത്.
2027 ഓഗസ്റ്റ് 2 നാണ് നൂറ്റാണ്ടിന്റെ ഗ്രഹണം വരുന്നത്. നാസ പറയുന്നതനുസരിച്ച് സ്‌പെയിന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമന്‍, സൊമാലിയ, തെക്കന്‍ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവയുടെ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാകും.
ഈജിപ്തിലെ ലക്‌സറില്‍ ആറ് മിനിറ്റും 23 സെക്കന്‍ഡും നീണ്ടുനില്‍ക്കുന്ന ഗ്രഹണം 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണങ്ങളിലൊന്നാണ്. 'ഗ്രേറ്റ് നോര്‍ത്ത് ആഫ്രിക്കന്‍ എക്ലിപ്‌സ്' എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്. ഇന്ത്യ ഗ്രഹണത്തിന്റെ പാതയില്‍ ഇല്ലാത്തതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിന്ന് ഇത് പൂര്‍ണ്ണ ഗ്രഹണമായി ദൃശ്യമാകില്ല.
2027 ലെ ഗ്രഹണ സമയത്ത് ഭൂമി അഫിലിയനില്‍ അഥവാ സൂര്യനില്‍ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിലും ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയില്‍ ആയിരിക്കും. ഈ സംയോജനം മൂലം ചന്ദ്രന്‍ പതിവിലും കൂടുതല്‍ സമയം സൂര്യനെ മറയ്ക്കും. ഇതാണ് ഗ്രഹണത്തിന്റെ ദൈര്‍ഘ്യം കൂട്ടുന്നത്. 2114 വരെ കരയില്‍ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണ് 2027ല്‍ വരാനിരിക്കുന്നതെന്നാണ് സ്‌പേസ് ഡോട്ട് കോം പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates