'അവര്‍ ഞങ്ങളെ കൊല്ലാനാണ് വരുന്നത്...; ദയവുചെയ്ത്‌ നിശബ്ദരാകരുത്...; വീണ്ടും അപേക്ഷയുമായി സഹ്‌റ കരീമി (വീഡിയോ)

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ, ലോകജനതയോട് അപേക്ഷയുമായി ചലച്ചിത്ര സംവിധായികയും നിര്‍മാതാവുമായ സഹ്‌റ കരീമി വീണ്ടും രംഗത്ത്
സഹ്‌റ കരീമിയുടെ വീഡിയോ സന്ദേശത്തില്‍ നിന്ന്‌
സഹ്‌റ കരീമിയുടെ വീഡിയോ സന്ദേശത്തില്‍ നിന്ന്‌
Updated on
2 min read


ഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ, ലോകജനതയോട് അപേക്ഷയുമായി ചലച്ചിത്ര സംവിധായികയും നിര്‍മാതാവുമായ സഹ്‌റ കരീമി വീണ്ടും രംഗത്ത്. കാബുള്‍ താലിബാന്‍ വളഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്നും ലോകജനത തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സഹ്‌റ കരീമി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 'ഈ വലിയ ലോകത്തിലെ ജനങ്ങളെ, നിശബ്ദരാകരുത്. അവര്‍ ഞങ്ങളെ കൊല്ലാനാണ് വരുന്നത്' സഹ്‌റ കരീമി പറഞ്ഞു.

കഴിഞ്ഞദിവസവും സഹ്‌റ കരീമി അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് വേണ്ടി ലോകം ഇടപെടണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. 
'അവര്‍ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി അവര്‍ വിറ്റു, വസ്ത്രധാരണത്തിന്റെ പേരില്‍ അവര്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി, അവര്‍ സര്‍ക്കാരുമായി ബന്ധമുള്ള ആളുകളെ കൊല്ലുന്നു, ഞങ്ങളുടെ ചില പുരുഷന്മാരെ പരസ്യമായി തൂക്കിക്കൊന്നു, ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, എന്നിട്ടും ലോകം നിശബ്ദമാണ്. ഈ നിശബ്ദത ഞങ്ങള്‍ ശീലിച്ചു, പക്ഷേ അത് ന്യായമല്ലെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ ആളുകളെ ഉപേക്ഷിക്കാനുള്ള ഈ തീരുമാനം തെറ്റാണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്.' സഹ്‌റ കത്തില്‍ പറഞ്ഞിരുന്നു. 


അഫ്ഗാന്‍ ചലച്ചിത്ര നിര്‍മ്മാതാവ് സഹ്‌റാ കരിമി കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച കത്ത്

ലോകത്തിലെ എല്ലാ ചലച്ചിത്ര സമൂഹങ്ങള്‍ക്കും, സിനിമയും സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കും!

എന്റെ പേര് സഹ്‌റാ കരിമി, ഒരു ചലച്ചിത്ര സംവിധായകയും, 1968ല്‍ സ്ഥാപിതമായ ഒരേയൊരു സ്‌റ്റേറ്റ് ഓണ്‍ഡ് ചലച്ചിത്ര കമ്പനിയായ അഫ്ഗാന്‍ ഫിലിമിന്റെ ഇപ്പോഴത്തെ ജനറല്‍ ഡയറക്ടറുമാണ്. തകര്‍ന്ന ഹൃദയത്തോടെയും എന്റെ സുന്ദരമായ രാജ്യത്തെ താലിബാനില്‍ നിന്നും സംരക്ഷിക്കുന്നതില്‍ നിങ്ങളും ചേരുമെന്ന അഗാധമായ പ്രതീക്ഷയോടെയുമാണ് ഞാന്‍ ഇതെഴുതുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ താലിബാന്‍ നിരവധി പ്രവിശ്യകളുടെ നിയന്ത്രണം നേടി.

അവര്‍ ഞങ്ങളുടെ ജനങ്ങളെ കൂട്ടക്കൊല ചെയ്തു, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോയി, പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി അവര്‍ വിറ്റു, വസ്ത്രധാരണത്തിന്റെ പേരില്‍ അവര്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി, അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട ഹാസ്യനടന്മാരില്‍ ഒരാളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു, അവര്‍ ഒരു ചരിത്രാതീത കവിയെ കൊന്നു, അവര്‍ സര്‍ക്കാരുമായി ബന്ധമുള്ള ആളുകളെ കൊല്ലുന്നു, ഞങ്ങളുടെ ചില പുരുഷന്മാരെ പരസ്യമായി തൂക്കിക്കൊന്നു, അവര്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഈ പ്രവിശ്യകളില്‍ നിന്ന് പലായനം ചെയ്ത ശേഷം കുടുംബങ്ങള്‍ കാബൂളിലെ ക്യാമ്പുകളിലാണ്, അവര്‍ വൃത്തിഹീനമായ അവസ്ഥയിലാണ്. ക്യാമ്പുകളില്‍ കവര്‍ച്ചയും കുഞ്ഞുങ്ങള്‍ക്ക് പാല്‍ കിട്ടാത്തതിനാല്‍ മരിക്കുന്ന അവസ്ഥയിലുമാണ്. ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, എന്നിട്ടും ലോകം നിശബ്ദമാണ്. ഈ നിശബ്ദത ഞങ്ങള്‍ ശീലിച്ചു, പക്ഷേ അത് ന്യായമല്ലെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ ആളുകളെ ഉപേക്ഷിക്കാനുള്ള ഈ തീരുമാനം തെറ്റാണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്.

എന്റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയില്‍ ഞാന്‍ കഠിനാധ്വാനം ചെയ്തതെല്ലാം വീഴാനുള്ള സാധ്യതയുണ്ട്. താലിബാന്‍ ഏറ്റെടുത്താല്‍ അവര്‍ എല്ലാ കലയും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ് ലിസ്റ്റില്‍ അടുത്തതായിരിക്കാം. അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വലിച്ചെറിയും, ഞങ്ങളുടെ വീടുകളുടെയും ഞങ്ങളുടെ ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങള്‍ തള്ളപ്പെടും, ഞങ്ങളുടെ ആവിഷ്‌കാരം നിശബ്ദതയിലേക്ക് അടിച്ചമര്‍ത്തപ്പെടും. താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യം ആയിരുന്നു. അതിനുശേഷം 9 ദശലക്ഷത്തിലധികം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ഉണ്ട്. താലിബാന്‍ കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്ത്, അതിന്റെ സര്‍വകലാശാലയില്‍ 50% സ്ത്രീകളായിരുന്നു. ഇത് ലോകത്തിന് അറിയാത്ത അവിശ്വസനീയമായ നേട്ടങ്ങളാണ്. ഈ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, താലിബാന്‍ നിരവധി സ്‌കൂളുകള്‍ നശിപ്പിക്കുകയും 2 ദശലക്ഷം പെണ്‍കുട്ടികള്‍ വീണ്ടും സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

എനിക്ക് ഈ ലോകം മനസ്സിലാകുന്നില്ല. ഈ നിശബ്ദത എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യും, പക്ഷേ എനിക്ക് അത് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. എനിക്ക് നിങ്ങളെപ്പോലുള്ള സഖ്യകക്ഷികളെ വേണം. ഞങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഈ ലോകം ശ്രദ്ധിക്കാന്‍ ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്ഥാനില്‍ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളുടെ രാജ്യങ്ങളിലെ പ്രധാനപ്പെട്ട മാധ്യമങ്ങളെ അറിയിച്ച് ഞങ്ങളെ സഹായിക്കൂ. അഫ്ഗാനിസ്ഥാന് പുറത്ത് ഞങ്ങളുടെ ശബ്ദമാകുക. താലിബാന്‍ കാബൂള്‍ ഏറ്റെടുക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ഏതെങ്കിലും ആശയവിനിമയ ഉപകരണം ലഭ്യമാകണമെന്നില്ല.

ദയവായി നിങ്ങളുടെ ചലച്ചിത്രകാരന്മാരെയും കലാകാരന്മാരെയും ഞങ്ങളുടെ ശബ്ദമായി പിന്തുണയ്ക്കുക, ഈ വസ്തുത നിങ്ങളുടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കുക, നിങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെക്കുറിച്ച് എഴുതുക. ലോകം ഞങ്ങളോട് തിരിയരുത്. അഫ്ഗാന്‍ സ്ത്രീകള്‍, കുട്ടികള്‍, കലാകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവരുടെ പേരില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണയും ശബ്ദവും ആവശ്യമാണ്. ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ട ഏറ്റവും വലിയ സഹായം ഇതാണ്.

ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി ഞങ്ങളെ സഹായിക്കൂ. കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് കുറച്ച് സമയമേയുള്ളൂ, ഒരുപക്ഷേ ദിവസങ്ങള്‍. വളരെ നന്ദി. നിങ്ങളുടെ ശുദ്ധമായ ഹൃദയത്തെ ഞാന്‍ അങ്ങേയറ്റം വിലമതിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com