

ജറുസലേം: ഇറാന്റെ ഭീഷണി ഇല്ലാതാക്കാന്‍ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് സൈനിക നീക്കം ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ ഭരണകൂടത്തിനെതിരായ നിര്‍ണ്ണായകമായ ചുവടുവെപ്പാണിതെന്നും ഭീകരവാദ ഭരണകൂടത്തെ ഇല്ലാതാക്കുമെന്നും നെതന്യാഹു പറഞ്ഞു.
'എന്റെ സഹോദരീസഹോദരന്മാരെ, ഇറാന്റെ ഭീകര ഭരണകൂടം ഉയര്‍ത്തുന്ന അസ്തിത്വപരമായ ഭീഷണി ഇല്ലാതാക്കുന്നതിനായി അല്പം മുമ്പ് ഇസ്രയേലും അമേരിക്കയും സംയുക്തമായി ഒരു സൈനിക നീക്കം ആരംഭിച്ചു,' - സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇറാന്‍ സര്‍ക്കാരിനെ ഒരു 'കൊലയാളി ഭരണകൂടം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവരെ ആണവായുധങ്ങള്‍ കൈക്കലാക്കാന്‍ അനുവദിക്കില്ലെന്നും ആവര്‍ത്തിച്ചു. ഇറാന്റെ ആണവമോഹങ്ങള്‍ ഇസ്രായേലിന്റെ നിലനിലപ്പിനും മേഖലയുടെ സമാധാനത്തിനും നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
'സംയുക്ത നീക്കം ധീരരായ ഇറാനിയന്‍ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തം കൈകളില്‍ എടുക്കാനുള്ള സാഹചര്യം ഒരുക്കും. ഇറാനിലെ എല്ലാ ജനങ്ങളും സ്വേച്ഛാധിപത്യത്തെ വലിച്ചെറിഞ്ഞ് സ്വതന്ത്രവും സമാധാനപ്രിയവുമായ ഒരു ഇറാനെ കെട്ടിപ്പടുക്കാന്‍ സമയമായിരിക്കുന്നു'. നെതന്യാഹൂ പറഞ്ഞു. ഇസ്രായേലിന്റെ ശാശ്വതമായ നിലനില്‍പ്പ് ഉറപ്പാക്കാന്‍ പൗരന്മാര്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനില്‍ നിന്നോ മറ്റ് സഖ്യകക്ഷികളില്‍ നിന്നോ തിരിച്ചടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കി.
ഇറാനിയന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണികള്‍ ഇല്ലാതാക്കി അമേരിക്കന്‍ ജനതയെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സഹായത്തോടെ ഇസ്രായേല്‍ ഇറാനില്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്‍ ഒരു കാരണവശാലും ആണവായുധങ്ങള്‍ കൈവശം വെക്കാന്‍ പാടില്ലെന്നും, അമേരിക്കന്‍ സൈനിക ശക്തിയെ വെല്ലുവിളിക്കരുതെന്നും ഈ ഭരണകൂടം പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ ചര്‍ച്ചകളെച്ചൊല്ലി സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് യുഎസ് സഹായത്തോടെ ഇസ്രയേല്‍ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചു. ഇസ്രയേലിനു നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേലിന് നേരെ വരുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലഅലി ഖമനിയിയുടെ ഓഫിസുകള്‍ക്ക് സമീപമാണ് ആദ്യ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടക്കുമ്പോള്‍ ഖമനയി ഓഫിസില്‍ ഉണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ അദ്ദേഹത്തെ സുരക്ഷിത താവളത്തിലേക്കു മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസുമായുള്ള സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്നു കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ പൊതുവേദികളില്‍ കണ്ടിട്ടില്ല. ഇറാന്റെ ആണവ പദ്ധതിയില്‍ ഒരു കരാറിലെത്താന്‍ സമ്മര്‍ദം ചെലുത്തുന്നതിനായി മേഖലയില്‍ വന്‍തോതില്‍ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും യുഎസ് വിന്യസിച്ചിരിക്കുന്ന സമയത്താണ് ആക്രമണം നടന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates