

ന്യൂയോർക്ക് : പലസ്തീനു രാഷ്ട്രപദവി നൽകുന്നത് ഹമാസിന്റെ ഭീകരതയ്‌ക്കുള്ള സമ്മാനം ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില രാജ്യങ്ങൾ ഏകപക്ഷീയമായി പലസ്തീൻ രാഷ്ട്ര പ്രഖ്യാപനങ്ങൾ നടത്തുകയാണ്. പലസ്തീൻ തീവ്രവാദികൾ ബന്ദികളാക്കിയവരെ മടക്കി അയക്കണമെന്നും യുഎൻ പൊതുസഭയുടെ 80–ാം വാർഷിക ചർച്ചയിൽ ട്രംപ് ആവശ്യപ്പെട്ടു.
പലസ്തീൻ രാഷ്ട്രപദവി ഹമാസ് ഭീകരർക്ക്, അവരുടെ ക്രൂരതകൾക്ക്, ലഭിക്കുന്ന പാരിതോഷികമാണ്. ഗാസയിൽ യുദ്ധം ഉടൻ നിർത്തണം. അതിനായി സമാധാന ചർച്ചകൾ നടത്തണം. ബന്ദികളെ ഉടൻ മോചിപ്പിക്കണം. ജീവനോടെയും മരിച്ചവരായും ശേഷിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്ന ഒരു വെടിനിർത്തൽ കരാർ അമേരിക്ക ആഗ്രഹിക്കുന്നു. ട്രംപ് പറഞ്ഞു.
രാജ്യത്തിന്റെ അതിർത്തികൾ തുറന്നിടുകയെന്ന പരീക്ഷണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. കുടിയേറ്റമാണ് യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. എന്നാൽ, ഇതു തടയാനായി യൂറോപ്യൻ രാജ്യങ്ങൾ ഒന്നും ചെയ്യുന്നില്ല. കുടിയേറ്റത്തിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികളാണ് യുഎന്നിന്റേതെന്നും പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള ‘കടന്നുകയറ്റം’ യുഎൻ പ്രോത്സാഹിപ്പിക്കുകയാണെന്നും ട്രംപ് വിമർശിച്ചു. കാലാവസ്ഥ വ്യതിയാനം യാഥാർഥ്യമല്ലെന്നും ഇതെപ്പറ്റി യുഎൻ നടത്തിയ പ്രവചനങ്ങളെല്ലാം തെറ്റാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
പലസ്തീൻ പ്രശ്നവും യുക്രെയ്ൻ യുദ്ധവും മുഖ്യവിഷയങ്ങളായി ഫ്രാൻസിന്റെയും സൗദിയുടെയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിൽ ഡസനിലേറെ രാഷ്ട്രനേതാക്കളാണ് പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചു പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതിനിടെയാണ് യുഎസ് പ്രസിഡന്റ് പലസ്തീനെ തള്ളി ഇസ്രയേലിനുവേണ്ടി രംഗത്തുവന്നത്. പലസ്തീൻ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസംഘടന മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates