'ഹമാസിനെ കുറിച്ച് ഒരു വാക്കുപോലുമില്ല'; റഷ്യന്‍ പ്രമേയം തള്ളി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയം യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തള്ളി
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
2 min read

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയം യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തള്ളി. ഹമാസിനെ കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം തള്ളിയത്. വിഷയത്തില്‍ ബ്രസീല്‍ അവതരിപ്പിക്കുന്ന പ്രമേയം ചൊവ്വാഴ്ച ചര്‍ച്ച ചെയ്യും. 

ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം യുഎന്നില്‍ ചര്‍ച്ച ചെയ്ത ആദ്യ പ്രമേയം ആയിരുന്നു റഷ്യയുടേത്. ഗാസയില്‍ മാനുഷിക പരിഗണനയുടെ പേരില്‍ ഉടന്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണം എന്നായിരുന്നു ഒരു പേജിലുള്ള പ്രമേയത്തില്‍ റഷ്യ ആവശ്യപ്പെട്ടത്. ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സംഘര്‍ഷ മേഖലയില്‍ നിന്ന് സിവിലിയന്‍മാരെ ഉടന്‍ മോചിപ്പിക്കണമെന്നും റഷ്യ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 

എന്നാല്‍, 15 അംഗ സെക്യൂരിറ്റി കൗണ്‍സിലില്‍ അഞ്ച് വോട്ട് മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്. റഷ്യയ്ക്ക് പുറമേ ചൈന, ഗാബോണ്‍, മൊസംബിക്, യുഎഇ എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്. ഫ്രാന്‍സ്, ജപ്പാന്‍, യുകെ, യുഎസ് എന്നിവര്‍ പ്രമേയത്തിന് എതിരായ് വോട്ട് ചെയ്തു. അല്‍ബേനിയ, ബ്രസീല്‍, ഇക്വഡോര്‍, ഘാന, മാള്‍ട്ട, സ്വിസര്‍ലന്‍ഡ് എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കൗണ്‍സിലില്‍ ഒരു പ്രമേയം അംഗീകരിക്കപ്പെടണമെങ്കില്‍, അനുകൂലമായി കുറഞ്ഞത് 9 വോട്ടുകളെങ്കിലും ലഭിക്കണം. അഞ്ച് സ്ഥിരാംഗങ്ങളില്‍ ആരും എതിര്‍ക്കുകയോ വീറ്റോ ചെയ്യുകയോ ചെയ്യാനും പാടില്ല. 

സിവിലിയന്‍മാര്‍ക്ക് എതിരായ എല്ലാ ആക്രമണങ്ങളെയും പ്രമേയം ശക്തമായി അപലപിച്ചെങ്കിലും ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെ കുറിച്ച് പരാമര്‍ശിച്ചില്ല. ഹമാസിനെ അപലപിക്കാത്തതിലൂടെ, റഷ്യ സാധാരണക്കാരോട് ക്രൂരത കാട്ടിയ ഒരു ഭീകര സംഘടനയ്ക്ക് കവചം തീര്‍ക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. ഹമാസിന്റെ ഭീകരതയെ അവഗണിച്ച്, ഇരകളെ അപമാനിക്കുന്ന റഷ്യയുടെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു. 

സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് കുറയ്ക്കാനും മാനുഷിക സഹായങ്ങള്‍ എത്തിക്കാനും സാധ്യമാകുന്ന എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും ഹമാസിനെ പരാമര്‍ശിക്കാതെയുള്ള റഷ്യയുടെ പ്രമേയം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യുകെ നിലപാട് സ്വീകരിച്ചു. 

സംഘര്‍ഷം രാഷ്ട്രീയമാണ്, മതപരമല്ല- പലസ്തീന്‍

പലസ്തീനികളുടെ ജീവന്‍ പ്രശ്‌നമല്ലെന്ന സൂചന യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ നല്‍കരുതെന്ന് യുഎന്നിലെ പലസ്തീന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ ആവശ്യപ്പെട്ടു. 'പലസ്തീന്‍ ജനതയുടെ മുകളില്‍ വര്‍ഷിക്കുന്ന ബോംബുകള്‍ക്ക് ഇസ്രയേല്‍ ഉത്തരവാദികളല്ലെന്ന് പറയാന്‍ ധൈര്യപ്പെടരുത്. കൊലപാതകങ്ങളെ ന്യായീകരിക്കരുത്. ഗാസയില്‍ സംഭവിക്കുന്നത് സൈനിക നടപടിയല്ല. നിരപരാധികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ്. ഞങ്ങളുടെ ജനതയ്ക്ക് എതിരെയുള്ള സമ്പൂര്‍ണ ആക്രമണമാണ്.'- മന്‍സൂര്‍ പറഞ്ഞു. 

ഗാസയിലെ ആരോഗ്യമേഖല സമ്പൂര്‍ണമായി തകര്‍ന്നു. 11 ലക്ഷം ജനങ്ങള്‍ പലായനം ചെയ്തു. പലസ്തീന്‍ ജനതയ്ക്ക് മേലുള്ള ആക്രമണം എത്രയും വേഗം അവസാനിപ്പിക്കണം. ഗാസ മുമ്പനില്‍ എത്രയും വേഗം മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ ഇടപെടണം. പലസ്തീന്‍ ജനതയെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് തടയണം. സംഘര്‍ഷം രാഷ്ട്രീയമാണ്, മതപരമല്ല.'- അദ്ദേഹം പറഞ്ഞു. 

സംയമനം പാലിക്കാനുള്ള ഏതൊരു ആഹ്വാനത്തിനും മുന്‍പ് യുഎന്‍ സ്വീകരിക്കേണ്ട ആദ്യ നടപടി ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയാണെന്ന് യുഎന്നിലെ ഇസ്രയേല്‍ സ്ഥിരം പ്രതിനിധി ഗിലാഡ് എര്‍ദന്‍ പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ സെക്യൂരിറ്റി കൗണ്‍സില്‍ പിന്തുണയ്ക്കണം. എന്നാല്‍, ആ പിന്തുണ അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ടാകരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com