

വാഷിംഗ്ടൺ:ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, ഡെമോക്രാറ്റുകളുടെ നീക്കങ്ങളെ തടയാൻ തന്റെ വീറ്റോ അധികാരം പൂർണ്ണമായി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ നേരിട്ട് മത്സരരംഗത്തില്ലാതിരുന്നതാണ് പാർട്ടിയുടെ മോശം പ്രകടനത്തിന് കാരണമെന്നും, താൻ ബാലറ്റിൽ ഉണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി ചരിത്രത്തിലെ വലിയ ജയം നേടിയേനെ എന്നും ട്രംപ് അവകാശപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡെമോക്രാറ്റുകളുടെ അജണ്ടകൾ തടയാൻ വീറ്റോ അധികാരം ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, 'വീറ്റോ' എന്ന് എഴുതിയ ചുവന്ന റിപ്പബ്ലിക്കൻ തൊപ്പിയുടെ ചിത്രവും പങ്കുവെച്ചു.
അമേരിക്കൻ ഭരണസിരാകേന്ദ്രമായ വാഷിംഗ്ടണിൽ റിപ്പബ്ലിക്കൻ ഭരണത്തിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് ഡെമോക്രാറ്റുകൾ യു.എസ് സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്തെ അവസാന രണ്ട് വർഷങ്ങളിൽ കോൺഗ്രസിൽ ശക്തമായ പ്രതിരോധം തീർക്കാൻ ഇത് ഡെമോക്രാറ്റുകൾക്ക് കരുത്തുപകരും. ട്രംപിന്റെ നിയമനിർമ്മാണ അജണ്ടകൾ തടയാനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരെ സമഗ്രമായ അന്വേഷണങ്ങൾ നടത്താനുമുള്ള അധികാരം ഡെമോക്രാറ്റുകൾക്ക് ഇതുവഴി ലഭിച്ചിരിക്കുകയാണ്.
ട്രംപിന്റെ പ്രക്ഷുബ്ധമായ രണ്ടാം ഭരണകാലത്തിനെതിരെയുള്ള രാജ്യവ്യാപകമായ ജനവിധിയായി മാറിയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ്. ജീവിതച്ചെലവിലുണ്ടായ വർദ്ധനവ്, താരിഫുകൾ, ഇറാഖുമായുള്ള യുദ്ധം മൂലം ഇന്ധനവില കുത്തനെ ഉയർന്നത് എന്നിവയെല്ലാം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായി. ഇതിന്റെ ഫലമായി ട്രംപിന്റെ ജനപ്രിയത റെക്കോർഡ് താഴ്ന്ന നിലയിലേക്ക് പതിച്ചിരുന്നു. സുപ്രീം കോടതി ജസ്റ്റിസുമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള ട്രംപിന്റെ അധികാരത്തെയും സെനറ്റിലെ തോൽവി ബാധിക്കും..
തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി അട്ടിമറി വിജയങ്ങളോടെ കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിന് അരികെയാണ്. നോർത്ത് കരോലിന, സൗത്ത് കരോലിന, ടെക്സസ്, ഒഹായോ എന്നീ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്തു. ജോർജിയയിലും ന്യൂ ഹാംഷെറിലും കടുത്ത പോരാട്ടത്തിനൊടുവിൽ സീറ്റുകൾ നിലനിർത്താനും അവർക്കായി. ടെക്സസിൽ ജയിച്ച ജെയിംസ് തലാറിക്കോ കഴിഞ്ഞ 30 വർഷത്തിനിടയിൽ സംസ്ഥാനതലത്തിൽ വിജയം നേടുന്ന ആദ്യ ഡെമോക്രാറ്റായി മാറി. സൗത്ത് കരോലിനയിൽ വിജയിച്ച ആനി ആൻഡ്രൂസ്, കഴിഞ്ഞ രണ്ട് ദാറ്റാണ്ടിനിടയിൽ സംസ്ഥാനത്ത് നിന്ന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡെമോക്രാറ്റും യു.എസ് സെനറ്റിലെത്തുന്ന ആദ്യ വനിതയുമായി ചരിത്രം കുറിച്ചു. നോർത്ത് കരോലിനയിൽ റോയ് കൂപ്പറും വിജയം നേടിയിട്ടുണ്ട്.
ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലും ഡെമോക്രാറ്റുകൾ നിർണായക മുന്നേറ്റം നടത്തി. ന്യൂജേഴ്‌സി, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന പോരാട്ടങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് പാർട്ടി മുന്നേറുന്നത്. ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ നേടി പാർട്ടി മുന്നേറുകയാണ്. ഗവർണർ തെരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഒഹായോയിൽ ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച വിവേക് രാമസ്വാമിയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിന്റെ ആമി ആക്ടൻ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. ജോർജിയയിൽ വിജയിച്ച കീഷ ലാൻസ് ബോറ്റംസ്, ഒരു യു.എസ് സംസ്ഥാനത്തിന്റെ ഗവർണറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വർഗ്ഗക്കാരിയായ വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കി.
രണ്ടാം തവണയും പ്രസിഡന്റ് പദവിയിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണങ്ങൾ നടന്നിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി ട്രംപ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തിയിരുന്നുവെങ്കിലും, കഴിഞ്ഞ 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ച സംസ്ഥാനങ്ങളിൽ പോലും റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിപതറുന്ന കാഴ്ചയാണ് ഫലങ്ങൾ പുറത്തുവരുമ്പോൾ കാണാനാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates