വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക അഞ്ചു ലക്ഷം ഡോളര്‍ (37 കോടി രൂപ) ഇനാം പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുഎസിന്റെ പ്രഖ്യാപനം. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ മുതിര്‍ന്ന പ്രവര്‍ത്തകനാണ് സാജിദ് മിര്‍.
'2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളാണ് സാജിദ് മിര്‍. ഇയാള്‍ ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനായി വിവരം കൈമാറുന്നവര്‍ക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളര്‍ വരെ വാഗ്ദാനം ചെയ്യുന്നു' യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയില്‍ അറിയിച്ചു.
2008 നവംബര്‍ 26നാണ് പത്ത് ലഷ്‌കര്‍ ഭീകരര്‍ മുംബൈയുടെ പല ഭാഗങ്ങളിലായി ആക്രമണം നടത്തിയത്. താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റ ഓപ്പറേഷന്‍ മാനേജറായിരുന്നു സാജിദ് മിര്‍. പദ്ധതി നടപ്പാക്കുന്നതിലും തയ്യാറെടുപ്പുകളിലും മിറിന് വ്യക്തമായ പങ്കുണ്ട്. യുഎസിലെ രണ്ട് ജില്ലാ കോടതികളില്‍ മിറിനെതിരെ 2011ല്‍ കേസെടുത്തിട്ടുണ്ട്. 2011 ഏപ്രില്‍ 22ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ആക്രമണം നടത്തിയ ഒമ്പത് തീവ്രവാദികളെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കൊലപ്പെടുത്തുകയും രക്ഷപ്പെട്ട അജ്മല്‍ അമീര്‍ കസബിനെ പിടികൂടി വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates