

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക. യു എസ് ബോർഡർ പട്രോൾ സേന മേധാവി മൈക്കേൽ ഡബ്യു ബാങ്ക്സ് ആണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്. നിയമവിരുദ്ധമായി കുടിയേറിയവരെ വിജയകരമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചുവെന്ന് എക്സിൽ പങ്കുവെച്ച വീഡിയോക്കൊപ്പം യു എസ് ബോർഡർ പട്രോൾ വ്യക്തമാക്കി.
സൈനിക വിമാനം ഉപയോഗിച്ച് ഇതുവരെ നടത്തിയ ഏറ്റവും ദൂരമേറിയ നാടുകടത്തൽ ആയിരുന്നു ഇത്. കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള അമേരിക്കൻ സർക്കാരിന്റെ പ്രതിബദ്ധത ഈ ദൗത്യം അടിവരയിടുന്നു. "അതിക്രമിച്ചു കടന്നാൽ, നിങ്ങളെ പുറത്താക്കും" എന്ന മുന്നറിയിപ്പ് കൂടിയാണിതെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.
അമേരിക്കക്കാർക്കിടയിൽ ദേശസ്നേഹം പ്രചോദിപ്പിക്കുക ലക്ഷ്യമിട്ട് പശ്ചാത്തല സംഗീതത്തോടെയാണ് ദൃശ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഒരു C-17 വിമാനത്തിന്റെ പിൻവാതിൽ തുറക്കുകയും ഒരു വലിയ ചരക്ക് പാലറ്റ് കയറ്റുകയും തുടർന്ന് അനധികൃത കുടിയേറ്റക്കാരുടെ ഒരു നീണ്ട നിര കയറുന്നതുമാണ് ദൃശ്യത്തിലുള്ളത്. കൊടും ക്രിമിനലുകളുടെയോ യുദ്ധത്തടവുകാരുടേതിനോ സമാനമായ തരത്തിൽ കാലുകളിൽ ചങ്ങലകളാൽ ബന്ധിപ്പിച്ച നിലയിലാണ് കുടിയേറ്റക്കാരെ വിമാനത്തിൽ കയറ്റുന്നത്.
'അനധികൃത കുടിയേറ്റക്കാരെ' കയറ്റിയ ശേഷം, നിരവധി അമേരിക്കൻ സൈനികർ വിമാനത്തിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ കാണാം. ഇന്ത്യക്കാരെ ചങ്ങലയിൽ ബന്ധിച്ച് നാടു കടത്തിയതിൽ ഇന്ത്യയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് വീഡിയോ പുറത്തു വന്നിട്ടുള്ളത്. ഇന്നലെയാണ് 104 പേരെ അമേരിക്കയിൽ നിന്നും അമൃത്സറിൽ എത്തിച്ചത്. വിമാനത്തിൽ 40 മണിക്കൂറിലേറെ വീണ്ട യാത്രയിൽ കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടുമാണ് ഇരുത്തിയിരുന്നതെന്ന് മടങ്ങിയെത്തിയ ജസ്പാൽ സിങ്, ഹർവീന്ദർ സിങ് എന്നിവർ വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates