

കാരക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വെനസ്വേലയിലെ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആക്രമണം നടന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണം എന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാശ നഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണം സംബന്ധിച്ച് വൈറ്റ് ഹൗസ്, പെന്റഗണ്‍ എന്നിവ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ആക്രമണം നടന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഏഴോളം സ്‌ഫോടനങ്ങള്‍ നടന്നതായി വെനസ്വേല സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു. യുഎസ് വിമാനങ്ങള്‍ കാരക്കസിന് മുകളില്‍ വട്ടമിട്ട് പറന്നിരുന്നു എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നാലോളം വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തിന് തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ സാക്ഷിയായെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാ ഗുയ്രായിലും ആക്രമണമുണ്ടായെന്നാണ് വെനസ്വേലയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം ഉള്‍പ്പെടെ വിച്ഛേദിക്കപ്പെട്ടു. യുഎസ് സൈനിക നീക്കത്തെ വെനസ്വേല അപലപിച്ചു. വെനസ്വേലയ്ക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്തിടെ ട്രംപ് നിരന്തരം വെനസ്വേലയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വെനസ്വേയ്ക്ക് ഉള്ളില്‍ കയറി ആക്രമിക്കാന്‍ ഒക്ടോബറില്‍ സിഐഎയ്ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ മയക്കുമരുന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുഎസ് ലക്ഷ്യം വയ്ക്കുന്നത് തങ്ങളുടെ എണ്ണ നിക്ഷേപത്തെയാണെന്നും മഡൂറോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates