

മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി ഇറങ്ങിയത് അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. യുക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വാഷിങ്ടനും മോസ്‌കോയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ദുരൂഹമായ ലാന്‍ഡിങ് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഫ്‌ളൈറ്റ്റഡാറില്‍ നിന്നുള്ള ട്രാക്കിങ് ഡേറ്റ പ്രകാരം, യുഎസ് വ്യോമസേന സൈനികരെയും ആയുധങ്ങളെയും ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കാന്‍ ഉപയോഗിക്കുന്ന ബോയിംഗ് സി-17 ഗ്ലോബ്മാസ്റ്റര്‍ എന്ന ഭീമന്‍ വിമാനമാണ് ഇത്. RCH4555 കോള്‍സൈനും 07-7181 രജിസ്‌ട്രേഷന്‍ നമ്പറുമുള്ള ജെറ്റ് വിമാനം, ലാത്വിയയുടെ തലസ്ഥാനമായ റിഗയില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 8:50-ഓടെ പുറപ്പെടുകയും, 10:00 മണിക്ക് ശേഷം മോസ്‌കോയില്‍ എത്തിച്ചേരുകയും ചെയ്തു.
വിമാനയാത്രയുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്നതിനെക്കുറിച്ച് വാഷിങ്ടനോ മോസ്‌കോയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല. വിമാനത്തില്‍ യാത്രക്കാരോ പ്രത്യേക ചരക്കുകളോ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിമാനത്തിന്റെ വരവിനെക്കുറിച്ച് മുന്‍കൂട്ടി യാതൊരു വിവരവുമില്ലെന്നാണ് ക്രെംലിന്‍ വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ സ്ഥിതി ചെയ്യുന്ന മേരിലാന്‍ഡിലെ ക്യാംപ് സ്പ്രിങ്‌സില്‍ നിന്നാണ് ഈ വിമാനം പുറപ്പെട്ടതെന്ന് ഫ്‌ലൈറ്റ് ലോഗുകള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് 23-നാണ് ഇത് റിഗയില്‍ എത്തിച്ചേര്‍ന്നത്.
യൂറോപ്പില്‍ നിന്ന് യുഎസ് രജിസ്‌ട്രേഷനുള്ള ജെറ്റുകള്‍ റഷ്യയിലേക്ക് നേരിട്ട് പറക്കുന്നത് വളരെ അപൂര്‍വ്വമാണ്. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഉന്നതതല സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനായി ഈ വര്‍ഷമാദ്യം പ്രത്യേക ദൂതന്മാരായ സ്റ്റീവന്‍ വിറ്റ്കോഫും ജാരേഡ് കുഷ്നറും മോസ്‌കോ സന്ദര്‍ശിച്ചതാണ് അവസാനമായി ഇത്തരത്തിലുള്ള ഒരു വിമാനയാത്ര ഉണ്ടായത്. അപ്രതീക്ഷിതമായി എത്തിയ ഈ വിമാനം രഹസ്യ നയതന്ത്ര നീക്കങ്ങളുടെ സൂചനയാണോ നല്‍കുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ശക്തമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates