

വാഷിങ്ടണ്‍: യുക്രൈന് എതിരായ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരാന്‍ യുഎസ് ഒരുങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് റഷ്യക്ക് എതിരായ ഉപരോധങ്ങള്‍ കടുപ്പിക്കുമെന്ന സൂചനകള്‍ നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഡോണള്‍ഡ് ട്രംപ് ഉപരോധം രണ്ടാംഘട്ടത്തിലേക്കെന്ന് അറിയിക്കുന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവിലെ തന്ത്ര പ്രധാന സ്ഥാപനങ്ങള്‍ക്ക് നേരെ റഷ്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
യുഎസ് നീക്കം കടുപ്പിക്കുന്ന സാഹചര്യം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ പ്രതികരണത്തിലും ഇക്കാര്യം വ്യക്തമാണ്. റഷ്യയ്‌ക്കെതിരെയോ അവരുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെയോ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അതെ, ഞാന്‍ തയ്യാറാണ്' എന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ട്രംപ് തയ്യാറായില്ല.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് നടത്തിയ പ്രതികരണത്തിലും നടപടികള്‍ കടുപ്പിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഉറപ്പാക്കുകയാണു ലക്ഷ്യമെന്നായിരുന്നു സ്‌കോട്ട് ബെസ്സന്റിന്റെ പ്രതികരണം. റഷ്യന്‍ എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങള്‍ക്കു മേല്‍ കൂടുതല്‍ താരിഫ് ഉള്‍പ്പെടെ നടപടികള്‍ തുടരും എന്ന് യുഎസ് ട്രഷറി സെക്രട്ടറി ആവര്‍ത്തിച്ചു. ഇതോടെ ഇന്ത്യയുള്‍പ്പെടെ റഷ്യന്‍ എണ്ണയുടെ ഗുണഭോക്താക്കള്‍ക്ക് എതിരെ യുഎസ് നിലപാട് കടുപ്പിക്കും എന്ന് ശക്തമായ സൂചനകൂടിയാണ് യുഎസ് നല്‍കുന്നത്. സമ്മര്‍ദം ശക്തമാക്കി റഷ്യയെ ചര്‍ച്ചയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും യുഎസ് ട്രഷറി സെക്രട്ടറി പ്രതികരിച്ചു.
ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ത്യ ചൈനീസ് പക്ഷത്തായി എന്ന് താന്‍ കരുതുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന് പറഞ്ഞത്. നരേന്ദ്രമോദി മഹാനായ നേതാവാണ്. അദ്ദേഹം അടുത്ത നല്ല സുഹൃത്താണ്. എന്നാല്‍ മോദി ഇപ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ഇഷ്ടമല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
