വിയറ്റ്നാം യുദ്ധത്തിന്റെ പ്രതീകമാണ് നപാം പെൺകുട്ടി എന്നറിയപ്പെട്ട കിം ഫുക്. വിയറ്റ്‌നാം യുദ്ധമെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്കെത്തുക അവരുടെ പഴയ ഒരു ചിത്രമാണ്. ബോംബേറില്‍ വിറങ്ങലിച്ച് വാവിട്ട് നിലവിളിച്ച് നഗ്നയായി ഓടുന്ന കിം ഫുകിന്റെ ആ ദയനീയ ചിത്രം ഇന്നും ആരുടെയും ഉള്ളുലയ്ക്കും.
അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് പകര്‍ത്തിയ ആ ചിത്രം പിന്നീട് ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ യുദ്ധ ചിത്രങ്ങളിലൊന്നായി. യുദ്ധത്തിന്റെ ഭീകരത എത്രത്തോളമാണെന്ന് അന്നും പിൽക്കാലത്തും ലോകം ആ ഒറ്റ ചിത്രത്തിൽ നിന്ന് ഉൾക്കൊള്ളുന്നു. വിയറ്റ്‌നാം യുദ്ധഭീകരതയ്‌ക്കെതിരെ ലോകജനതയ്ക്കിടയില്‍ പ്രത്യേകിച്ച് അമേരിക്കന്‍ ജനതയ്ക്കിടയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആ ചിത്രത്തിന് സാധിച്ചു.
നീണ്ട 50 വര്‍ഷക്കാലമായി യുദ്ധം തന്റെ ശരീരത്തില്‍ അവശേഷിപ്പിച്ച എല്ലാ പാടുകളും മായ്ച്ചിരിക്കുകയാണ് നപാം പെണ്‍കുട്ടിയെന്നറിയപ്പെടുന്ന കിം ഫുക്ക്. പൊള്ളിയ പാടുകള്‍ നീക്കം ചെയ്യാനുള്ള പതിനേഴാമത്തേയും അവസാനത്തേതുമായ ലേസര്‍ ചികിത്സ ഫുക്ക് ചൊവ്വാഴ്ച പൂർത്തിയാക്കി.
മിയാമിയിലെ ഡെര്‍മറ്റോളജി ആന്‍ഡ് ലേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയാണ് ഇപ്പോൾ 59 വയസുള്ള ഫുക്ക് ലേസര്‍ ചികിത്സയ്ക്ക് വിധേയയായത്. ഡോ ജില്‍ വൈബലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്തത്. ശരീരത്തിന്റെ പിന്‍ ഭാഗത്ത് ബോംബാക്രമണത്തില്‍ കിം ഫുക്കിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 17 സര്‍ജറികള്‍ക്കാണ് ഇവര്‍ പിന്നീട് വിധേയയായത്. നിലവില്‍ കിം ഫുക്ക് കാനഡയിലാണ് താമസിക്കുന്നത്.
ബോംബ് വര്‍ഷത്തില്‍ പൊള്ളലേറ്റും ഭയന്നും അലറിയോടിയിരുന്ന ഫുക്കിനെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഫോട്ടോ പകര്‍ത്തി ഒരു നിമിഷം പോലും വൈകാതെ അന്ന് 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന നിക്ക് ഉട്ട് ഫുക്കിനെയും കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.
ആദ്യം കണ്ട ആശുപത്രിയില്‍ ഫുക്കിനെ കാണിച്ചപ്പോള്‍ അവരെ അഡ്മിറ്റ് ചെയ്യില്ല എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. താന്‍ പകര്‍ത്തിയ ചിത്രം കാണിച്ചുകൊണ്ട് നിക്ക് ഉട്ട് ആശുപത്രി അധികൃതര്‍ക്ക് നേരെ അലറി. ഈ കുട്ടി മരിച്ചാല്‍ എല്ലാ പ്രമുഖ പത്രങ്ങളുടേയും ഒന്നാം പേജില്‍ ഈ ചിത്രമുണ്ടാകുമെന്നും വേണ്ടത് ചെയ്യണമെന്നുമുള്ള ഉട്ടിന്റെ വാക്കുകളില്‍ ആശുപത്രി അധികൃതര്‍ അലിഞ്ഞു. അവര്‍ ഫുക്കിന് മികച്ച ചികിത്സ തന്നെ നല്‍കി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates