

കാഠ്മണ്ഡു: സാമൂഹ്യമാധ്യമ വിലക്ക് പിന്‍വലിച്ചിട്ടും സര്‍ക്കാരിനെതിരായ പ്രക്ഷോഭം നേപ്പാളില്‍ വ്യാപിക്കുന്നു. അഴിമതിക്കെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവെക്കും വരെ പ്രക്ഷോഭത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ കൊട്ടാരം പ്രക്ഷോഭകര്‍ തീവെച്ചു. നിരവധി വാഹനങ്ങള്‍ നശിപ്പിച്ചു.
മുന്‍ പ്രധാനമന്ത്രിമാരായ പ്രചണ്ഡ ( പുഷ്പ കമല്‍ ദഹല്‍), ഷേര്‍ ബഹാദൂര്‍ ദൂബെ, ഊര്‍ജ്ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെ വസതികളും പ്രക്ഷോഭകര്‍ ആക്രമിച്ച് നശിപ്പിച്ചു. പ്രധാനമന്ത്രി ശര്‍മ്മ ഒലിയുടെ വസതിക്ക് സമീപം സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പ്രക്ഷോഭകര്‍ക്ക് വെടിയേറ്റു. പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖകിന്റെ വസതിയും പ്രക്ഷോഭകര്‍ തീയിട്ടു.
രാജ്യത്തെ മറ്റു മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്കും ആക്രമണം ഉണ്ടായിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പ്രതിഷേധക്കാര്‍ സൈന്യത്തിന് നേര്‍ക്ക് കല്ലേറിഞ്ഞു. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമ നിരോധനത്തിനെതിരായ പ്രതിഷേധമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയത്.
രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രക്ഷോഭകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ശര്‍മ്മ ഒലി സര്‍ക്കാരില്‍ ജലവിതരണ മന്ത്രിയായ പ്രദീപ് യാദവ് രാജിവെച്ചു. പ്രതിഷേധക്കാര്‍ക്ക് പ്രദീപ് യാദവ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ പ്രക്ഷോഭം വ്യാപകമാകുന്നതിനിടെ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി സര്‍വകക്ഷിയോഗം വിളിച്ചു. വൈകീട്ട് ആറിനാണ് യോഗം. രാജ്യത്ത് യുവജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരം കാണേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം പ്രധാനമന്ത്രി ശര്‍മ്മ ഒലി രാജിവെച്ചേ തീരു എന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ശര്‍മ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുവജന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നേപ്പാളിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണം. നേപ്പാള്‍ അധികൃതര്‍ പുറപ്പെടുവിച്ച നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കാഠ്മണ്ഡുവിലും മറ്റ് നിരവധി നഗരങ്ങളിലും അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates