ബ്രസ്സവിൽ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വൻ അഗ്നിപർവത സ്ഫോടനം. സ്ഫോടനത്തിനു പിന്നാലെ പ്രാണരക്ഷാർഥം ആയിരക്കണക്കിന് ജനങ്ങൾ കൂട്ടപ്പലായനം ചെയ്തു. കോംഗോയിലെ ഗോമ സിറ്റിക്ക് സമീപമുള്ള നൈരു ഗോംഗോ എന്ന അഗ്നിപർവതമാണ് ശനിയാഴ്ച പൊട്ടിത്തെറിച്ചത്. അപകടത്തിൽ നിരവധി കെട്ടിടങ്ങൾ നശിച്ചു. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകൾ സമീപ രാജ്യമായ റുവാൻഡയുടെ അതിർത്തിയിലേക്ക് കാൽനടയായി പലായനം തുടങ്ങുകയായിരുന്നു. ഏകദേശം 20 ലക്ഷം ആളുകളാണ് നഗരത്തിൽ താമസിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെയുണ്ട്.
സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ജീൻ മൈക്കൽ ലുക്കാൻഡെ അടിയന്തര യോഗം വിളിച്ചു. ലാവയുടെ തീവ്രത കുറഞ്ഞതായാണ് നീരീക്ഷണ സംഘം നൽകുന്ന വിവരം. ഗോമയിലെ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ ലാവ എത്തിയതായി അധികൃതർ അറിയിച്ചു.
2002ൽ നൈരു ഗോംഗോ അഗ്നിപർവതം പൊട്ടിത്തെറിച്ച് 250 പേർ മരിച്ചിരുന്നു. ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒന്നേകാൽ ലക്ഷത്തോളം ആളുകൾക്കാണ് അന്നു വീട് നഷ്ടമായത്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates