ബെയ്ജിങ്: സമുദ്രത്തിന്റെ അടിത്തട്ടിലെ കാഴ്ചകള്‍ തേടി ചൈനീസ് ശാസ്ത്രജ്ഞര്‍ സഞ്ചരിച്ചത് പതിനായിരം അടി താഴ്ചയിലേക്ക്. ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രാന്തര്‍ഭാഗത്തേക്ക് ചൈനയുടെ പുതിയ അന്തര്‍വാഹിനി ഫെന്‍ഡോസെ (Fendouzhe or Striver) ആണ് സഞ്ചരിച്ചത്. ഇതിന്റെ കാഴ്ചകള്‍ ചൈന തത്സമയം സംപ്രേഷണവും ചെയ്തു. മൂന്ന് ശാസ്ത്രജ്ഞരുടെ സംഘമാണ് മരിയാന ട്രെഞ്ചിലൂടെ സഞ്ചരിച്ച് 10,000 മീറ്റര്‍ ആഴത്തില്‍ പസഫിക്കിന്റെ അടിത്തട്ടിലെത്തിച്ചേര്‍ന്നത്.
ആഴക്കടല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് വീഡിയോ പകര്‍ത്തിയത്. പച്ചയും വെള്ളയും നിറത്തിലുള്ള അന്തര്‍വാഹിനി കപ്പല്‍ ആഴക്കടലിലേക്ക് മുങ്ങിപ്പോകുന്ന ദൃശ്യം വീഡിയോയിലുണ്ട്. മേഘങ്ങള്‍ക്കിടയിലെന്ന പോലെ, സമുദ്രത്തിന്റെ ആഴത്തിലേക്ക് പതിയെ പതിയെ നീങ്ങി അടിത്തട്ടിലെത്തി നില്‍ക്കുന്നത് കാണാം. വാഹനത്തിലെ ശാസ്ത്രജ്ഞരുടെ സംഭാഷണവും വീഡിയോയിലുണ്ട്.
നവംബര്‍ ആദ്യമാണ് ഫെന്‍ഡോസെ 10,909 മീറ്റര്‍ ആഴത്തിലേക്ക് സഞ്ചരിച്ചത്. 2019ല്‍ അമേരിക്കയുടെ സംരംഭം കൈവരിച്ച 10,927 മീറ്റര്‍ റെക്കോര്‍ഡിന്റെ തൊട്ടരികിലെത്തിയെങ്കിലും അത് മറികടക്കാന്‍ ചൈനീസ് ദൗത്യത്തിനായില്ല.
സമുദ്രാന്തര്‍ഭാഗത്തെ ജൈവ വസ്തുക്കള്‍ ശേഖരിക്കാന്‍ വാഹനത്തിലെ യന്ത്രക്കൈകള്‍ ഉപയോഗിച്ച് സാധിക്കും. ശബ്ദതരംഗങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന ക്യാമറകളുടെ സഹായത്തോടെ വാഹനത്തിന് പുറത്തുള്ള വസ്തുക്കളെ തിരിച്ചറിയാനുള്ള സൗകര്യവും ഫെന്‍ഡോസയ്ക്കുണ്ട്.
അപരിചിതവും വൈവിധ്യവുമായ നിരവധി ജീവികളുടെ ജാലം കാണാന്‍ ഈ സമുദ്രാന്തര്‍ യാത്ര സഹായകമായെന്ന് വാഹനത്തില്‍ യാത്ര ചെയ്ത ശാസ്ത്രജ്ഞര്‍ അനുഭവം പങ്കുവെച്ചു. പഠനങ്ങള്‍ക്കാവശ്യമായ സാംപിളുകള്‍ ശേഖരിച്ചതായി ശാസ്ത്രജ്ഞരുടെ വക്താവ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates