ഇസ്രയേല്‍ 'ഒറ്റക്കണ്ണനാക്കിയ' ദെയ്ഫ്; ഭാര്യയും മക്കളും കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിലെ 'മാസ്റ്റര്‍ മൈന്‍ഡ്'

മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ദെയ്ഫിന്റേതായി പുറത്തുന്നത്. ഒന്ന് ഒരു നിഴല്‍ച്ചിത്രം
മുഹമ്മദ് ദെയ്ഫ്
മുഹമ്മദ് ദെയ്ഫ്
Updated on: 
2 min read

ശനിയാഴ്ച ഇസ്രയേലില്‍ പതിച്ച ആയിരക്കണക്കിന് ഹമാസ് റോക്കറ്റുകളുടെ സൂത്രധാരന്‍ ആരാണ്?  തങ്ങളുടെ സകല നിരീക്ഷണ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ഹമാസ് ഭീകരന്‍മാര്‍ രാജ്യത്ത് നുഴഞ്ഞു കയറി നടത്തിയ ആക്രണത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ദെയ്ഫ് എന്ന ഹമാസ് ഭീകരന്‍ ആണെന്നാണ് ഇസ്രയേല്‍ വിലയിരുത്തല്‍. ഹമാസിന്റെ സായുധ വിഭാഗം അല്‍ കസം ബ്രിഗേഡിന്റെ തലവനായ മുഹമ്മദ് ദെയ്ഫ്, ഇസ്രയേലിന്റെ കുറ്റവാളി പട്ടികയിലെ ഒന്നാമനാണ്. ശനിയാഴ്ച ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചതിനു പിന്നാലെ ദെയ്ഫിന്റെ ശബ്ദസന്ദേശമെത്തി; ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ കടന്നുകയറിയതിനുള്ള തിരിച്ചടിയാണ് ആക്രമണം എന്നാണ് ദെയ്ഫ് പറയുന്നത്. 

2021 മെയിലായിരുന്നു ഇസ്രയേല്‍ പൊലീസും പട്ടാളവും അല്‍ അഖ്‌സയില്‍ കടന്നത്. തുടര്‍ന്ന് ഇസ്രയേലും ഹമാസും തമ്മില്‍ നടത്തിയ യുദ്ധം 11 ദിവസം നീണ്ടു. അന്നുമുതല്‍ ഇസ്രയേലിനുനേരെ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു ദെയ്ഫ്. ഇയാളെ വധിക്കാന്‍ ഏഴുതവണ ഇസ്രയേല്‍ ശ്രമിച്ചു. ഏറ്റവുമൊടുവിലത്തെ വധശ്രമം 2021ലായിരുന്നു. അതും അതിജീവിച്ചു. ദെയ്ഫ് ഒരിക്കലും പരസ്യമായി രംഗത്തുവന്നിട്ടില്ല. ഇക്കാലത്തിനിടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ദെയ്ഫിന്റേതായി പുറത്തുന്നത്. ഒന്ന് ഒരു നിഴല്‍ച്ചിത്രം. മറ്റൊന്ന് പ്രായം ഇരുപതുകളിലായിരുന്നപ്പോഴത്തേത്. വേറൊന്ന് മുഖംമറച്ചതും.

ദെയ്ഫ് എവിടെ? ആര്‍ക്കുമറിയില്ല

ദെയ്ഫ് എവിടെയാണെന്നത് അജ്ഞാതം. ഗാസയിലെ പല തുരങ്കങ്ങളിലൊന്നില്‍ ഒളിച്ചിരിക്കുന്നുണ്ടാകും എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞദിവസം ഇസ്രയേലിലെ വ്യോമാക്രമണത്തില്‍ ദെയ്ഫിന്റെ സഹോദരനും കുടുംബത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. പിതാവിന്റെ വീടിനുനേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.

1965ല്‍ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാമ്പിലാണ് മുഹമ്മദ് ദെയ്ഫ് ജനിച്ചത്. യഥാര്‍ത്ഥ പേര് മുഹമ്മദ് മസ്‌രി. 1987ലെ ആദ്യ പലസ്തീന്‍ വിപ്ലവത്തിന്റെ സമയത്താണ് ദെയ്ഫ് ഹമാസിലെത്തിയത്. 1989ല്‍ ഇയാള്‍ ഇസ്രയേലിന്റെ പിടിയിലായി. 16 മാസം തടവില്‍ക്കിടന്നു.

ഗാസയിലെ ഇസ്‌ലാമിക് സര്‍വകലാശാലയില്‍നിന്ന് ശാസ്ത്രത്തില്‍ ബിരുദം. സര്‍വകലാശാലയുടെ വിനോദസമിതിയുടെ ചുമതലവഹിച്ചു. ഹാസ്യനാടകങ്ങളില്‍ അഭിനയിച്ചു.

ഗാസയില്‍ തുരങ്കങ്ങളുണ്ടാക്കുന്നതിനും ബോംബുകളുണ്ടാക്കുന്നതിനും ചുക്കാന്‍പിടിച്ചത് ദെയ്ഫാണ്. ഇസ്രയേലിന്റെ വധശ്രമങ്ങളില്‍ ദെയ്ഫിന്റെ ഒരു കണ്ണു നഷ്ടപ്പെട്ടെന്നും ഒരുകാലിന് ഗുരുതരമായി പരിക്കേറ്റെന്നും ഹമാസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. 2014ല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇയാളുടെ ഭാര്യയും ഏഴുമാസം പ്രായമുള്ള മകനും മൂന്നുവയസ്സുള്ള മകളും കൊല്ലപ്പെട്ടു.

  സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com