

ലണ്ടന്‍: ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷം അസ്ഥിരതയുടെ കാലഘട്ടമായി മാറുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചതോടെ ഒരു ദശാബ്ദത്തിനിടെ രാജിവെക്കുകയോ കാലാവധി പൂര്‍ത്തിയാക്കാതെ പിന്മാറുകയോ ചെയ്യുന്ന ആറാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കിയെങ്കിലും, അദ്ദേഹത്തിന്റെ പിന്മാറ്റം ബ്രിട്ടനിലെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
സ്റ്റാര്‍മറുടെ രാജി അപ്രതീക്ഷിത തീരുമാനമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരായ അതൃപ്തി വര്‍ധിച്ചുവരികയായിരുന്നു. പാര്‍ട്ടിയുടെ ജനപ്രീതി കുറഞ്ഞുവരുന്നതും നേതൃശൈലിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളും നേതൃമാറ്റ ആവശ്യത്തിന് ആക്കം കൂട്ടി.
2024 ജൂലൈയിലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയാണ് സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലെത്തിയതിന് ശേഷം പാര്‍ട്ടിയുടെ ജനപിന്തുണയില്‍ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തിയതോടെ ആശങ്ക ശക്തമായി. ലിബറല്‍ വോട്ടര്‍മാര്‍ ഗ്രീന്‍ പാര്‍ട്ടിയിലേക്ക് നീങ്ങുന്നതും, നൈജല്‍ ഫരാജിന്റെ നേതൃത്വത്തിലുള്ള കുടിയേറ്റവിരുദ്ധ നിലപാടുകളുള്ള റിഫോം യുകെ പാര്‍ട്ടിയുടെ വളര്‍ച്ചയും ലേബര്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി.
സാമ്പത്തിക പ്രതിസന്ധിയും ഭരണപരമായ വീഴ്ചകളും
സ്റ്റാര്‍മറുടെ ഭരണകാലത്ത് സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോയില്ലെന്ന വിമര്‍ശനമുണ്ടായിരുന്നു. ജീവിതച്ചെലവിലെ വര്‍ധന, ജനങ്ങളുടെ ജീവിതനിലവാരത്തിലെ പുരോഗതിയില്ലായ്മ, നയപരമായ പിഴവുകള്‍ എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തെ ദുര്‍ബലമാക്കി.
ഇതിനിടെ വിവാദങ്ങളില്‍ പെട്ട മുന്‍ എംപി പീറ്റര്‍ മാന്‍ഡല്‍സനെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ച തീരുമാനം സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് മാന്‍ഡല്‍സണ്‍ പുറത്താക്കപ്പെട്ടെങ്കിലും രാഷ്ട്രീയപരമായി അത് സ്റ്റാര്‍മറിന് തിരിച്ചടിയായി. കുടിയേറ്റ നയങ്ങളും പുനരുപയോഗ ഊര്‍ജ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും സ്റ്റാര്‍മറുടെ ഭാവിയെ ബാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.
സ്റ്റാര്‍മറുടെ ഭരണകാലം വിവാദങ്ങള്‍ മാത്രം നിറഞ്ഞതായിരുന്നില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഏകോപിപ്പിക്കുന്നതിലും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള നയതന്ത്ര നീക്കങ്ങളിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചതായി വിലയിരുത്തപ്പെടുന്നു.
ആരാണ് പിന്‍ഗാമി?
സ്റ്റാര്‍മറുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതിനകം സജീവമായിട്ടുണ്ട്. പ്രധാന പേരുകളില്‍ മുന്‍നിരയില്‍ ആന്‍ഡി ബേണ്‍ഹാമാണ്. ചെറുപ്രായത്തില്‍ തന്നെ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 2017 മുതല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായി പ്രവര്‍ത്തിച്ചുവരികയാണ്. മുന്‍ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ്ങും മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടി അംഗങ്ങളുടെ വോട്ടെടുപ്പിലൂടെയായിരിക്കും.
പത്ത് വര്‍ഷം; ആറു പ്രധാനമന്ത്രിമാര്‍
ബ്രെക്‌സിറ്റ് ജനഹിതപരിശോധനയുടെ പത്താം വാര്‍ഷികത്തിന് തൊട്ടുമുമ്പാണ് കെയ്ര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ ബ്രിട്ടന്‍ തീരുമാനിച്ച ബ്രെക്‌സിറ്റ്, രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതയെ ദീര്‍ഘകാലമായി ബാധിച്ചുവെന്ന വിലയിരുത്തലുണ്ട്.
സ്റ്റാര്‍മറിന് മുമ്പ് പ്രധാനമന്ത്രിയായ ലിസ് ട്രസ് വെറും ഒന്നര മാസത്തിനുള്ളില്‍ പദവി ഒഴിഞ്ഞു. റിഷി സുനക് ഏതാണ്ട് 20 മാസം മാത്രമാണ് അധികാരത്തില്‍ തുടര്‍ന്നത്. അതിന് മുമ്പ് ബോറിസ് ജോണ്‍സണും തെരേസ മേയും ഡേവിഡ് കാമറണും ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ നിര്‍ണായക മാറ്റങ്ങളുടെ ഭാഗമായിരുന്നു. ഒരു ദശാബ്ദത്തിനിടെ ഏഴാമത്തെ പ്രധാനമന്ത്രിയിലേക്ക് ബ്രിട്ടന്‍ നീങ്ങുമ്പോള്‍, രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates