

വാഷിങ്ടണ്‍: ലോകത്തെ പ്രമുഖ എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ സിഇഒ സ്ഥാനത്തുനിന്ന് സഹസ്ഥാപകൻ ജെൻസൻ ഹുവാങ് മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഹുവാങിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു യുവതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളുമാണ് മാറ്റത്തിന് കാരണം. ഹുവാങിന്റെ ഭാവി തീരുമാനിക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഉടൻ ചേരും.
എന്നാൽ, ഹുവാങിന് പകരം ആരാകും ആ സ്ഥാനത്തേക്ക് എത്തുക എന്ന ചോദ്യവും സജീവ ചർച്ചയിലാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് പേരാണ് സിഇഒ സ്ഥാനത്തേക്ക് കമ്പനി പരിഗണിക്കുന്നത്.
എൻവിഡിയയിൽ 22 വർഷത്തെ പ്രവർത്തനപരിചയമുള്ള ഇയാൻ ബക്ക് ആണ് പട്ടികയിൽ മുന്നിലുള്ളത്. കമ്പനിയുടെ നിർണായക സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ക്യൂഡിഎ (CUDA) വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. നിലവിൽ കമ്പനിയുടെ ഡാറ്റാ സെന്റർ, കമ്പ്യൂട്ടിങ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നു. എൻവിഡിയയുടെ വരുമാനത്തിൽ വലിയ പങ്ക് വഹിക്കുന്നത് ഡാറ്റാ സെന്റർ ബിസിനസായതിനാൽ ബക്കിന്റെ സ്ഥാനത്തിന് ഏറെ പ്രാധാന്യമുണ്ട്. സാങ്കേതിക പരിജ്ഞാനവും കമ്പനിയുടെ പ്രവർത്തനരീതികളെക്കുറിച്ചുള്ള അറിവും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്.
കൊളെറ്റ് ക്രെസ്
എൻവിഡിയയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളെറ്റ് ക്രെസും സാധ്യതാപട്ടികയിലുണ്ട്. 13 വർഷമായി കമ്പനിയുടെ ഭാഗമായ അവർ നേരത്തെ സിസ്‌കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും സാമ്പത്തിക വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹുവാങ് സ്ഥാനമൊഴിയുന്ന സാഹചര്യമുണ്ടായാൽ ഇടക്കാല സിഇഒയായി ക്രെസിനെ നിയമിച്ചേക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ സാങ്കേതിക രംഗത്തെ ഹുവാങിന്റെ പരിചയവും എഞ്ചിനീയറിങ് പശ്ചാത്തലവും ക്രെസിനില്ലെന്നത് പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാഡിസൺ ഹുവാങ്
ജെൻസൻ ഹുവാങിന്റെ മകളായ മാഡിസൺ ഹുവാങിന്റെ പേരും പിൻഗാമി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എൻവിഡിയയിൽ ഫിസിക്കൽ എഐ വിഭാഗത്തിന്റെ സീനിയർ ഡയറക്ടറാണ് അവർ. എന്നാൽ പിതാവിന്റെ പിൻഗാമിയായി മാഡിസണിനെ പരിഗണിക്കുന്നതായി എൻവിഡിയ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കുടുംബാംഗത്തിന് തന്നെ കമ്പനി നേതൃത്വം കൈമാറുന്നത് സംബന്ധിച്ച് ചോദ്യങ്ങൾ ഉയരാനും സാധ്യതയുണ്ട്. മാഡിസണിന്റെ സഹോദരൻ സ്പെൻസറും എൻവിഡിയയിൽ ജോലി ചെയ്യുന്നുണ്ട്.
കമ്പനിക്കുള്ളിലെ നേതാക്കൾക്കു പുറമേ പുറത്തുനിന്നുള്ളവരെയും എൻവിഡിയ പരിഗണിച്ചേക്കാം. ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ, ആമസോൺ വെബ് സർവീസസ് (AWS) സിഇഒ മാറ്റ് ഗാർമൻ എന്നിവരുടെ പേരുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും വലിയ സാങ്കേതിക സ്ഥാപനങ്ങളെ നയിക്കുന്നതിലുമുള്ള ഇവരുടെ പരിചയം ഗുണകരമാകാം. എന്നാൽ എൻവിഡിയയുടെ എഞ്ചിനീയറിങ് സംസ്കാരവും ഉപഭോക്തൃബന്ധങ്ങളും മനസിലാക്കി കമ്പനിയെ നയിക്കുക എന്നത് പുറത്തുനിന്നെത്തുന്ന ഒരാൾക്ക് വലിയ വെല്ലുവിളിയായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates