അമേരിക്കൻ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്ക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസും ബന്ധുവായ കൊച്ചുകുട്ടിയും ഒന്നിച്ചുള്ള വിഡിയോ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നാല് വയസ്സുകാരി അമാര അജഗു എന്ന കുട്ടിയാണ് കമലയ്ക്കൊപ്പം വിഡിയോയിൽ ഉള്ളത്. തന്റെ സ്വപ്നത്തെക്കുറിച്ചാണ് കുട്ടി സംസാരിക്കുന്നത്. ഒരിക്കൽ തനിക്കും പ്രസിഡന്റ് ആകണമെന്നാണ് അമാര കമലയോട് പങ്കുവയ്ക്കുന്നത്.
"തീർച്ചയായും നിനക്കും യുഎസ് പ്രസിഡന്റാകാൻ കഴിയും. ഇപ്പോഴല്ല. 35 വയസ്സായതിനുശേഷം", എന്നുപറഞ്ഞ് കമല അമാരയ്ക്ക് പ്രചോദനം നൽകുന്നതും വിഡിയോയിൽ കേൾക്കാം. കമലയുടെ അടുത്ത ബന്ധു മീന ഹാരിസിന്റെ മകളാണ് അമാര. 12 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ മീനയണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് ലൈക്കകുളും വിഡിയോ നേടിക്കഴിഞ്ഞു. മനോഹരമായ ഈ നിമിഷങ്ങൾ പങ്കുവച്ചതിന് മീനയ്ക്ക് നന്ദി കുറിച്ചാണ് പലരും കമന്റുകൾ കുറിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ ലീഡ് നേടി മുന്നേറുന്ന ബൈഡൻ ഏറെക്കുറെ ജയം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റായി കമല എത്താനുള്ള സാധ്യത ഏറുകയാണ്. ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. പെൻസിൽവാനിയ അടക്കം നാല് നിർണായക സംസ്ഥാനങ്ങളിലും ബൈഡൻ ലീഡ് നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates