

വാഷിങ്ടൺ: കോവിഡ് ചികിത്സയിലിരിക്കെ അണികളെ ആവേശംകൊള്ളിക്കാൻ കാർയാത്ര നടത്തി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി ആശുപത്രിക്ക് പുറത്തു കാത്തുനിന്ന അനുയായികളെ ട്രംപ് വാഹനത്തിനുള്ളിലിരുന്ന് അഭിവാദ്യം ചെയ്തു. ട്രംപിന്റെ ഈ പ്രവൃത്തി ആരോഗ്യവിദഗ്ധരുടെ വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ്. രോഗത്തെ നിസാരവൽക്കരിക്കുന്ന പ്രസിഡന്റ് മറ്റുള്ളവരുടെ ജീവൻകൂടി അപകടത്തിലാക്കുകയാണെന്നാണ് വിമർശനം.
ട്രംപിനെക്കൂടാതെ കാറിൽ രണ്ടുപേർ ഉണ്ടായിരുന്നു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പാക്കിയായിരുന്നു യാത്രയെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാൽ അനാവശ്യമായ നീക്കത്തിലൂടെ കാറിലുണ്ടായിരുന്ന എല്ലാവരും 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സുരക്ഷാ ജീവനക്കാരെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും വിമർശനം ശക്തമാണ്.
ആരോഗ്യനിലയ മെച്ചപ്പെട്ടെങ്കിലും അടുത്ത ഏതാനും ദിവസങ്ങൾ നിർണായകമാണെന്നാണ് ട്രംപ് തന്നെ അറിയിച്ചത്. കോവിഡ് ബാധിതനായ ട്രംപിൻറെ രോഗം നിസാരമല്ലെന്ന് മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നു. ഓക്സിജൻ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആശങ്കപ്പെടുത്തുന്നതാണെന്നാണ് റിപ്പോർട്ട്.  ഗുരുതര രോഗികൾക്ക് മാത്രം നൽകാറുള്ള സ്റ്റിറോയിഡുകൾ പ്രസിഡൻറിന് നൽകിത്തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates