

ഉപരോധമവസാനിപ്പിക്കാന് ഖത്തറിന് മുന്നില്‍ സൗദിയും കൂട്ടരും മുന്നോട്ടുവെച്ചിരിക്കുന്ന പതിമൂന്നു ഉപാധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണം എന്നുള്ളത്. ആറമത് ഉപാധിയായാണ്
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് ലോകത്തെ ഏറ്റവും വലിയ ചാനല്‍ നെറ്റ് വര്‍ക്ക് അടച്ചുപൂട്ടണമെന്ന് സൗദിയും കൂട്ടരും പറഞ്ഞിരിക്കുന്നത്. ഇതിനോടകംതന്നെ അല്‍ ജസീറയുടെ സൗദിയിലെ ചാനല്‍ ആസ്ഥാനം പൂട്ടിക്കഴിഞ്ഞു.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചാനലാണ് അല്‍ജസീറ എന്നാണ് സൗദിയുടേയും അമേരിക്കയുടെയും മറ്റു അറബ് രാജ്യങ്ങളുടെയും നിലപാട്. ചാനലിന്റെ തുടക്കംമുതല്‍ അറബ് ലോകത്തെ പ്രതിസന്ധികള്‍ അതേപടി തുറന്നുകാട്ടാന്‍ ശ്രമിച്ചതാണ് ചാനലിനെതിരെ ഈ രാജ്യങ്ങള്‍ തിരിയാന്‍ കാരണമെന്ന് ഖത്തര്‍ പറയുന്നു. നിരവധി തവണ ചാനലിനെതിരെ ലോകരാജ്യങ്ങള്‍ തിരിഞ്ഞിരുന്നു. പലപ്പോഴായി ചാനലിനെ പലരാജ്യങ്ങളും നിരോധിച്ചിരുന്നു.ഇപ്പോഴും പലയിടത്തും നിരോധനം തുടരുന്നു. ഖത്തര്‍ ചാനലിനെ സംരക്ഷിക്കുമോ അതോ അറബ് രാജ്യങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുമോ എന്നാണ് മാധ്യമ ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നത്.
സൗദി അറേബ്യയില്‍ ഒരു അറബി പത്രമായി ആരംഭിച്ച അല്‍ ജസീറയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. ഖത്തറില്‍ ദോഹ ആസ്ഥാനമാക്കി 1996ല്‍ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചതോടെയാണ് അല്‍ ജസീറയുടെ കുതിപ്പിന് വേഗം കൂടിയത്. ചാനലിന് പിന്തുണ നല്‍കിയ അന്നത്തെ ഖത്തര്‍ എമീര്‍ അന്നു പറഞ്ഞത് അവര്‍ വാര്‍ത്തകള്‍ അവര്‍ കാണുംപോലെ റിപ്പോര്‍ട്ട് ചെയ്യട്ടേ എന്നായിരുന്നു. ഭരണം കയ്യാളുന്ന താനി കുടുംബമാണ് അല്‍ ജസീറയ്ക്ക് ഫണ്ട് നല്‍കുന്ന പ്രധാന സ്രോതസ്സ്. അറബി ഭാഷയില്‍ നിന്നും പ്രക്ഷേപണം ആരംഭിച്ച ചാനലിന് ഇപ്പോള്‍ ലോകത്താകെ എണ്‍പതോളം ന്യൂസ് ബ്യൂറോകളുണ്ട്. ലണ്ടന്‍,വാഷിങ്ടണ്‍,ദുബായി എന്നിവിടങ്ങളിലും ചാനല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
അല്‍ ജസീറ തീവ്രവാദത്ത പ്രേത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ശക്തിപ്രാപിച്ചത് 2001ലെ സെപ്തംപര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമത്തിന് പിന്നാലെയാണ്. അല്‍ ഖ്വയിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ അഭിമുഖം ആദ്യമായി അല്‍ ജസീറ പുറത്തുവിട്ടു. ആദ്യമായി ചാനലിനെ നിരോധിക്കുന്നത് ബഹ്‌റൈന്‍ ആയിരുന്നു. ബഹ്‌റൈന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിനെപ്പറ്റി അല്‍ ജസീറ നടത്തിയ പരാമര്‍ശങ്ങളായിരുന്നു ചാനലിനെ നിരോധിക്കാന്‍ ബഹ്‌റൈനെ പ്രേപിപ്പിച്ചത്.
അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധത്തിലും ഇറാഖ് അധിനിവേശത്തിലും സംഭവിച്ച മനുഷ്യാവകാശ ലംഘനങ്ങള്‍ അല്‍ ജസീറ യുദ്ധഭൂമിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.പലസ്തീന്‍ ജനതയോട് ഐക്യപ്പെട്ടതാണ് അല്‍ജസീറയെ ഇസ്രായേലിന്റെ കണ്ണിലെ കരടാക്കിയത്. പലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും ഗാസ മുനമ്പില്‍ സംഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ചാനല്‍ നിരന്തരം ഡോക്യുമെന്ററികള്‍ പുറത്തിറക്കി. ഇത് ഇസ്രായേലിനെ ചാനലിനെതിരാക്കി. ഈജിപ്ത് ആഭ്യന്തര കലാപ സമയത്ത് വിമതരെ സഹായിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ഈജിപ്ത് ഭരണകൂടവും ചാനലിനെ നിരോധിച്ചിരുന്നു. ഇപ്പോള്‍ സൗദിക്കൊപ്പം നിലകൊള്ളുന്ന ഈജിപ്ത് വീണ്ടും ചാനലിനെയും വെബ്‌സൈറ്റിനേയും നിരോധിച്ചിരിക്കുകായണ്.
സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ചാനല്‍ വിമതരെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് റഷ്യയുടെ ശത്രുത ഏറ്റുവാങ്ങുന്നതിലേക്ക് കൊണ്ടെത്തിച്ചു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തിന്റെ ശരിയായ വശം പുറംലോകമറിഞ്ഞത് അല്‍ ജസീറയിലൂടെയാണെന്ന് മാധ്യമ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ത്യാ ഗവണ്‍മെന്റും അല്‍ ജസീറയെ വിലക്കിയിട്ടുണ്ട്. 2015
ല്‍ ജമ്മു കശ്മീരിലെ ചില പ്രദേശങ്ങള്‍ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ച് ഭൂപടം പ്രസിദ്ധീകരിച്ച ചാനലിനെ അഞ്ചു ദിവസത്തേക്ക് ഇന്ത്യന്‍ ഭരണകൂടം വിലക്കിയിരുന്നു.
വിലക്കുകളും പ്രതിസന്ധികളും അതിജീവിച്ച് റിപ്പോര്‍ട്ട് ചെയ്ത അല്‍ജസീറയുടെ ഭാവി എന്താകുമെന്ന് ഇനി തീരുമാനിക്കാന്‍ പോകുന്നത് ഖത്തറാണ്. അറബ് രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ചാനല്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ തീരുമാനിച്ചാല്‍ അല്‍ ജസീറയുടെ ജനപക്ഷ റിപ്പോര്‍ട്ടിങ് കാലം അവസാനിക്കുമോ എന്ന ആശങ്കയിലാണ് ലോകമാധ്യമങ്ങളും മാധ്യമ നിരീക്ഷകരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates