ന്യൂയോർക്ക് : മസ്തിഷ്കരോഗം ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുന്ന മകനൊപ്പം അല്പസമയം ചെലവഴിക്കണമെന്ന ആ അമ്മയുടെ ആഗ്രഹത്തോട് നിഷ്കരുണം മുഖംതിരിക്കാൻ ട്രംപ് ഭരണകൂടത്തിനും സാധിച്ചില്ല. ജന്മനാ മസ്തിഷ്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വയസുകാരൻ അബ്ദുള്ള ഹസനെ കാണാൻ മാതാവ് ഷൈമ സ്വിലേയ്ക്ക് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് അനുമതി നൽകി. യെമനി പൗരയായ ഷൈമയ്ക്ക്, ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കായിരുന്നു വിലങ്ങുതടിയായിരുന്നത്.
മസ്തിഷ്ക രോഗബാധയേത്തുടർന്ന് മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുന്ന അബ്ദുള്ള തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതിയിരുന്നു. ഇതോടെ മകനൊപ്പം അവസാനവേളകൾ ചിലവഴിക്കണമെന്ന് അമ്മ ഷൈമ ആഗ്രഹിച്ചിരുന്നെങ്കിലും, മുസ്ലിം രാജ്യങ്ങൾക്കുള്ള യാത്രാവിലക്കായിരുന്നു ആ മോഹങ്ങൾക്ക് തടസ്സമായത്. വാർത്ത പ്രചരിച്ചതു മുതൽ ഈ അമ്മയ്ക്ക് ലഭിച്ച പിന്തുണ വളരെ വലുതാണെന്ന് സിഎഐആർ അധികൃതർ വ്യക്തമാക്കി. ഇ-മെയിലായും ഫോൺവിളികളായും കത്തുകളായും ട്വീറ്റുകളായും ആയിരക്കണക്കിന് പേരാണ് ഇവരുടെ ആഗ്രഹം നിറവേറ്റണം എന്ന ആവശ്യവുമായി രംഗത്തെത്തിയതെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഇവർ സാൻഫ്രാൻസിസ്കോയിൽ എത്തുമെന്നാണ് റിപ്പോർട്ട്. തങ്ങളുടെ ആവശ്യം അംഗീകരിച്ച അമേരിക്കൻ ഭരണകൂടത്തോട് ഏറെ നന്ദിയുണ്ടെന്നും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളിലൊന്നാണിതെന്നും അബ്ദുള്ളയുടെ പിതാവ് അമേരിക്കൻ പൗരനായ അലി ഹസൻ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കൊപ്പം ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങൾക്കുമാണ് യുഎസിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates