സുലൈമാനി അമേരിക്കയുടെ കണ്ണിലെ കരട്; വധിക്കാൻ ഉത്തരവിട്ടത് ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ 

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയടക്കം ഏഴ് പേർ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍
സുലൈമാനി അമേരിക്കയുടെ കണ്ണിലെ കരട്; വധിക്കാൻ ഉത്തരവിട്ടത് ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ 
Updated on
1 min read

ബ​ഗ്ദാദ്: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം അറിയിച്ചത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ യുഎസ് സൈന്യം ഇന്ന് രാവിലെ നടത്തിയ വ്യോമാക്രമണത്തില്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു.

സംഭവത്തിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍ രം​ഗത്തെത്തി. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഉടനടി വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടിയുണ്ടാകുമെന്ന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവിയും മുന്നറിയിപ്പ് നൽകി. യുഎസ് നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണ്. ഈ സാഹസികതയുടെ എല്ലാ അനന്തരഫലങ്ങളുടേയും ഉത്തരവാദിത്വം യുഎസിനായിരിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു. ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഖാസിം സുലൈമാനിയുടെ മരണം യുഎസ്- ഇറാന്‍ സംഘര്‍ഷം രൂക്ഷമാക്കിയേക്കാമെന്നാണ്‌ വിദഗ്ദ്ധരുടെ നിരീക്ഷണം. ശക്തമായ തിരിച്ചടിക്ക്‌ ഇറാന്‍ ഒരുങ്ങുന്നതായാണ്‌ റിപ്പോര്‍ട്ട്. 

യുഎസിനെതിരെ ആഞ്ഞടിക്കാന്‍ ആവശ്യപ്പെട്ട് ഇറാഖിലെ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മിലിഷ്യ ഗ്രൂപ്പുകള്‍ വ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാനിയന്‍ അക്രമ പദ്ധതികള്‍ തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബഗ്ദാദിലെ വ്യോമാക്രമണമെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാഖിലേയും മേഖലയിലേയും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരേയും സേവന അംഗങ്ങളേയും ആക്രമിക്കാനുള്ള പദ്ധതികള്‍ ജനറല്‍ സുലൈമാനി സജീവമായി വികസിപ്പിച്ചുകൊണ്ടിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസും ട്വീറ്റ് ചെയ്തു.

ആക്രമണത്തില്‍ അഞ്ച്‌ ഇറാഖ് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഖാസിം സുലൈമാനിയും അബു മഹ്ദി അല്‍ മുഹന്ദിസും അടങ്ങുന്ന സംഘത്തെ ലക്ഷ്യമിട്ട് മൂന്ന് റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു യുഎസിന്റെ ആക്രമണം. വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലിലാണ് റോക്കറ്റുകള്‍ പതിച്ചത്. ഇവിടെയുണ്ടായിരുന്ന രണ്ട് വാഹനങ്ങളും കത്തി നശിച്ചു. 

ഖാസിം സുലൈമാനിയുടേയും അബു മഹ്ദി അല്‍ മുഹന്ദിസിന്റെയും മരണങ്ങള്‍ ഇറാന് കനത്ത പ്രഹരമാണേല്‍പ്പിച്ചിട്ടുള്ളത്. ബഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും എംബിസി പൂട്ടിയിടുകയും ചെയ്തിരിക്കുകയാണ്. പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com