ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിവാദ മാപ്പ്; ഭരണഘടന ഭേദഗതിക്ക് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം

ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിവാദ മാപ്പ്; ഭരണഘടന ഭേദഗതിക്ക് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം
Updated on
1 min read

കാഠ്മണ്ഡു: അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കെ, ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ മാപ്പിന് അംഗീകാരം നല്‍കാനുള്ള ഭരണഘടനാഭേദഗതിക്ക് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം. കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്റ് അഗീകാരം നല്‍കി. 

ബിഹാര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേരെ നേപ്പാള്‍ പൊലീസ് വെടിയുതിര്‍ക്കുകുയും ഒരാള്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് അയല്‍രാജ്യം പുതിയ മാപ്പിന് ഭരണഘടനാനുമതി നല്‍കിയിരിക്കുന്നത്. 

ടിബറ്റിലേക്കുള്ള കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പ വഴിയായി ഇന്ത്യ ലിപുലേഖില്‍ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാള്‍ തര്‍ക്കവുമായി രംഗത്ത് വന്നത്. എന്നാല്‍ റോഡ് പൂര്‍ണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍കൂടിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.ഇന്ത്യയും നേപ്പാളും തമ്മില്‍ 118 കിലേമീറ്റര്‍ ദൈര്‍ഘ്യമുള്ള തുറന്ന അതിര്‍ത്തിയാണ് ഉള്ളത്.  ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ല്‍ അന്നത്തെ നേപ്പാള്‍ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മില്‍ ഒപ്പുവെച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശത്തിന്റെ ആധാരം.

സ്വാതന്ത്ര്യത്തിന് ശേഷം ഈ പ്രദേശങ്ങളില്‍ സ്ഥിരമായ സേനാവിന്യാസം ഇന്ത്യ നടത്തിയത് 1962 ലെ ചൈനയുമായുള്ള യുദ്ധത്തോടെയാണ്. അന്നുമുതല്‍ ഈ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്.

കാലാപാനി പ്രദേശത്തുകൂടിയൊഴുകുന്ന മഹാകാളി നദിയാണ് തര്‍ക്കത്തിന്റെ മൂലകാരണം. കാളിനദിയുടെ കിഴക്കന്‍ തീരത്താണ് കാലാപാനി. മഹാകാളിയുടെ എണ്ണമറ്റ കൈവഴികള്‍ ഒന്നുചേരുന്നത് കാലാപാനിയിലാണ്. കൈവഴികളൊന്നിച്ചു ചേര്‍ന്ന് മഹാകാളി നദിരൂപംകൊള്ളുന്നത് കാലാപാനിയുടെ കിഴക്കുഭാഗത്താണ്. എന്നാല്‍, ഈ കൈവഴികളുടെ ഭൂരിഭാഗത്തിന്റെയും ഉറവിടം നേപ്പാളിലെ ലിപു ലേഖ് ചുരമാണെന്നും അതുകൊണ്ട് പ്രദേശവും നദിയും തങ്ങളുടേതാണെന്നുമാണ് നേപ്പാള്‍ അവകാശപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com