

ന്യൂയോര്‍ക്ക്: കോവിഡ്19 മഹാമാരി ലോക സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കോവിഡ് ലോകജനതയ്ക്ക് ഭീഷണിയായി വ്യാപിക്കുന്നത് സാമൂഹ്യ അരക്ഷിതത്വത്തിനും കലാപത്തിനും വഴിവെക്കും. അത് കോവിഡിനെതിരായ പോരാട്ടത്തെയും ബാധിക്കുമെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി.
കോവിഡ് 19 വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയത്.
കോവിഡിനെ ആയുധമായി ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കയും യുഎന്‍ സെക്രട്ടറി ജനറല്‍ പങ്കുവെച്ചു. ലോകമെമ്പാടും ജൈവ ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ് 19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് ഗുട്ടെറസ് അഭിപ്രായപ്പെട്ടു. വൈറസ് ബാധിച്ചയാളില്‍ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരര്‍ ലോകമെമ്പാടും വലിയ രോഗപ്പകര്‍ച്ചയ്ക്ക് ഇടവരുത്താന്‍ ശ്രമിക്കുമെന്നാണ് ഗുട്ടെറസ്സിന്റെ മുന്നറിയിപ്പ്.
ഭീകരവാദ ഭീഷണി ഇന്നും നിലനില്‍ക്കുന്നുണ്ട്. എല്ലാ സര്‍ക്കാരുകളും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിര്‍ന്നേക്കാം. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ദൂരവ്യാപകമാണ്. പൊതു സ്ഥാപനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാനും , സാമ്പത്തിക തകര്‍ച്ചയ്ക്കും, തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കപ്പെടേണ്ടി വരുന്നതു മൂലമുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും കളമൊരുങ്ങും. അനിശ്ചിതത്വം അസമത്വത്തിലേക്കും ദുരിതപൂര്‍ണമായ അവസ്ഥയിലേക്കും ചില രാജ്യങ്ങളിലെങ്കിലും നയിക്കും.
ബലഹീനതകളും തയ്യാറെടുപ്പുകളുടെ അഭാവവും ഒരു ജൈവ ഭീകരാക്രമണത്തിനുള്ള സാധ്യതയാണ് തുറന്നിടുന്നത്. കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങളെ ഒരു തലമുറയുടെ പോരാട്ടമെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനില്‍പ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates