വാഷിംഗ്ടൺ: പ്രമുഖ സെർച്ച് എഞ്ചിനായ ഗൂഗിളിൽ വിഡ്ഢി (idiot) എന്ന വാക്കിൻെറ ചിത്രങ്ങൾ തെരയുമ്പോൾ തെളിയുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഫോട്ടോകൾ. ഇതിൽ അമേരിക്കൻ സെനറ്റ് , ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഗൂഗിളിന്റെ നടപടിയെ ചോദ്യം ചെയ്ത് റിപ്പബ്ലിക്കൻസ് രംഗത്തെത്തിയിരുന്നു.
ഹൗസ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ ചൊവ്വാഴ്ച രാവിലെയാണ് സുന്ദർ പിച്ചെ ഹാജരായത്. പ്രസക്തി, ജനപ്രീതി, തിരയൽ പദം എന്നിവ ഉൾപ്പെടെ ഏതാണ്ട് 200 ഘടകങ്ങൾ കണക്കിലെടുത്തുള്ള ഗൂഗിൾ അൽഗോരിതം, സുന്ദർ പിച്ചെ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും റിപ്പബ്ലിക്കൻ അംഗങ്ങൾ വിശ്വാസത്തിലെടുക്കാൻ തയ്യാറായില്ല. ഗൂഗിളിൽ ഇഡിയറ്റ് എന്ന വാക്കു തിരയുമ്പോൾ ട്രംപിന്റെ ചിത്രം വരുന്നത് എന്തുകൊണ്ടെന്ന് ഡെമോക്രാറ്റ് വനിതാ അംഗം ചോദിച്ചു.
ഗൂഗിൾ ജീവനക്കാർ രാഷ്ട്രീയ കാരണങ്ങളാൽ തെരച്ചിൽ ഫലങ്ങളിൽ ഇടപെടുന്നെന്ന സെനറ്റർമാരുടെ ആരോപണങ്ങളിൽ സുന്ദർ പിച്ചെ വിശദീകരണം നൽകി. തിരയൽ ഫലങ്ങളെ കൈകാര്യം ചെയ്യാൻ ജീവനക്കാരോട് നിർദേശിച്ചിരുന്നോ എന്ന് ലാമാർ സ്മിത്ത് എന്ന അംഗം പിച്ചെയോട് ചോദിച്ചു. ഒരു വ്യക്തിക്കോ അതല്ലെങ്കിൽ ഒരു കൂട്ടം ആളുകൾക്കു വേണ്ടിയാ ഇത് ചെയ്യാൻ സാധിക്കില്ലെന്നും ഗൂഗിൾ ഫലം തരുന്നത് പല ഘട്ടങ്ങളിലൂടെയാണെന്നും പിച്ചെ വിശദീകരിച്ചു. എന്നാൽ സ്മിത്ത് ഈ വാദം അംഗീകരിച്ചില്ല. ഗൂഗിൾ തിരച്ചിൽ പ്രക്രിയയെ കൃത്രിമമായി കൈകാര്യം ചെയ്യാൻ മനുഷ്യർക്ക് കഴിയുമെന്ന് കരുതുന്നതായി സ്മിത്ത് അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായി മനുഷ്യനുണ്ടാക്കിയ പ്രക്രിയയാണെന്നും സ്മിത്ത് വ്യക്തമാക്കി.
റിപ്പബ്ലിക്കൻ ആരോഗ്യ സംരക്ഷണ ബിൽ അല്ലെങ്കിൽ ജി ഒ പി നികുതി വെട്ടിപ്പ് എന്നിവയെപ്പറ്റി തെരയുമ്പോൾ അതിൻെറ നെഗറ്റീവ് ഫലങ്ങൾ ആണ് ആദ്യം കാണിക്കുന്നത് എന്നായിരുന്നു മറ്റൊരു ആരോപണം. ഗൂഗിൾ എങ്ങനെയാണ് ഇത് കാണുന്നത്? അത് അൽഗൊരിതം മാത്രമാണോ, അതോ അവിടെ വേറെ വല്ലതും കൂടുതൽ നടക്കുന്നുണ്ടോ? എന്ന് മറ്റൊരു സെനറ്റർ സ്റ്റീവ് ചബോട്ട് ആരാഞ്ഞു.
ഒരു കൂട്ടം റൂബ്രിക്സ് ഉപയോഗിച്ച് വസ്തുനിഷ്ഠമായി ഇത് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നായിരുന്നു സുന്ദർ പിച്ചെയുടെ മറുപടി. സാധ്യമായതിൽ ഏറ്റവും മെച്ചപ്പെട്ടത് നൽകുന്നത് ഉറപ്പുവരുത്താനുള്ള ഞങ്ങളുടെ താൽപ്പര്യം മാത്രമാണിത്. ഞങ്ങളുടെ അൽഗോരിതത്തിന് രാഷ്ട്രീയ വികാരമില്ല. നെഗറ്റീവ് വാർത്തകൾ കാണുന്നതിന്റെ നിരാശ ഞാൻ മനസ്സിലാക്കുന്നുവെന്നും സുന്ദർ പിച്ചെ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates