റിയാദ് : രാജ്യം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക്, വേഷവിധാനം അടക്കം പൊതു ഇടങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ ഭരണകൂടം. പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട 19 കര്‍ശന നിര്‍ദേശങ്ങളാണ് സൗദി ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നത് അടക്കം കര്‍ശന നടപടി സ്വീകരിക്കുമെന്നും സൗദി സര്‍ക്കാര്‍ വ്യക്തമാക്കി.
പൊതു സ്ഥലത്ത് ചുംബനം പാടില്ല, അല്‍പ്പ വസ്ത്രം ധരിക്കരുത്, ആഭാസകരമോ അരോചകമോ ആയ തരത്തിലുള്ള വേഷവിധാനം പാടില്ല തുടങ്ങിയ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. മദ്യപാനം, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുക, തുപ്പുക, അനുവാദമില്ലാതെ ചിത്രമോ വീഡിയോയോ പകര്‍ത്തുക, പ്രാര്‍ത്ഥന സമയത്ത് സംഗീത ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുക തുടങ്ങിയവയെല്ലാം നിയമവിരുദ്ധമാണ്. അതേസമയം വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീക്കും ഹോട്ടലില്‍ ഒരു മുറിയില്‍ കഴിയാനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിയമ ലംഘനത്തിന് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ അടക്കേണ്ടി വരും. രാജ്യത്തിന്റെ സാസ്‌കാരിക തനിമ നിലനിര്‍ത്താനും, പൊതുസ്ഥലത്ത് മാന്യമായ പെരുമാറ്റം ഉറപ്പാക്കാനും വേണ്ടിയാണ് കര്‍ശന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളതെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ടൂറിസ്റ്റുകള്‍ക്ക് രാജ്യം സന്ദര്‍ശിക്കാന്‍ കഴിഞ്ഞദിവസമാണ് സൗദി അറേബ്യ ഭരണകൂടം അനുമതി നല്‍കിയത്.
യൂറോപ്പില്‍ നിന്നുള്ള 38 ഉം ഏഷ്യയില്‍ നിന്നുള്ള ഏഴും ഉത്തര അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള രണ്ടു വീതം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മുന്‍കൂട്ടി വിസ നേടാതെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവുക. അറബ് സമ്പദ് വ്യവസ്ഥയെ ഒരുക്കുന്നതിനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 എന്ന പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്.
ഏഷ്യയില്‍നിന്ന് ബ്രൂണെ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിസ്ഥാന്‍, ചൈന, ഉത്തര അമേരിക്കയില്‍ നിന്ന് കാനഡ, അമേരിക്ക, ഓസ്‌ട്രേലിയയില്‍ നിന്ന് ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, യൂറോപ്പില്‍ നിന്ന് ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, എസ്റ്റാണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്റ്, ഇറ്റലി, ലാത്വിയ, ലിച്‌ടെന്‍സ്‌റ്റൈന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, ഹോളണ്ട്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്‌ളോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, അയര്‍ലാന്റ്, മൊണാകൊ, ഉക്രൈന്‍, ഇംഗ്ലണ്ട്, ബള്‍ഗേറിയ, റുമാനിയ, ക്രൊയേഷ്യ, സൈപ്രസ്, അന്‍ഡോറ, റഷ്യ, മോണ്ടിനെഗ്രോ, സാന്‍ മറിനോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുക.
ടൂറിസ്റ്റ് വിസാ ഫീസ് 300 റിയാലായിരിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് ആയി 140 റിയാലും സന്ദര്‍ശകര്‍ വഹിക്കണം. ഇതോടൊപ്പം മൂല്യവര്‍ധിത നികുതിയും വിസാ പ്രോസസിംഗ് നിരക്കും വഹിക്കേണ്ടിവരും. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ കാലാവധി 360 ദിവസമാകും. ഓരോ തവണയും സൗദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ പരമാവധി 90 ദിവസം രാജ്യത്ത് തങ്ങുന്നതിനാകും അനുമതിയുണ്ടാവുക. ഒരു വര്‍ഷത്തില്‍ വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്ത് തങ്ങുന്ന ആകെ കാലം 180 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ടാകും.
ജിദ്ദ, റിയാദ്, ദമാം, മദീന എയര്‍പോര്‍ട്ടുകളില്‍ നിന്നും കിംഗ് ഫഹദ് കോസ്വേയില്‍നിന്നും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. മറ്റു രാജ്യക്കാര്‍ വിദേശങ്ങളിലെ സൗദി എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നും മുന്‍കൂട്ടി ടൂറിസ്റ്റ് വിസ സമ്പാദിക്കണം. അമുസ്ലിംകളായ ടൂറിസ്റ്റുകള്‍ക്ക് മക്കയിലും മദീനയിലും പ്രവേശന വിലക്കുണ്ടാകും. പതിനെട്ടില്‍ കുറവ് പ്രായമുള്ളവരെ ഒറ്റക്ക് ടൂറിസ്റ്റ് വിസയില്‍ സൗദിയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates