

വെള്ളം നിറഞ്ഞു നില്‍ക്കുന്ന ഗുഹയ്ക്കുള്ളിലെ ഉയര്‍ന്ന ഭാഗത്ത് 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും കഴിച്ചുകൂട്ടിയത് 17 ദിവസങ്ങളാണ്. ലോകം ചങ്കിടിപ്പോടെ കണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ അവര്‍ എല്ലാവരും പുറത്തെത്തി. എന്നാല്‍ അപ്പോഴും ബാക്കിയാകുന്ന ഒരു ചോദ്യമുണ്ട്. രക്ഷാസംഘം ഇവരെ കണ്ടെത്തുന്നതിന് മുന്‍പുള്ള ഒന്‍പതു ദിവസങ്ങളില്‍ അവര്‍ എങ്ങനെ ജീവന്‍ നിലനിര്‍ത്തി.
ഇരുട്ടുനിറഞ്ഞ് ചെളിവെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആ മണ്‍തിട്ടയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ അവര്‍ അതിജീവിച്ചത് എങ്ങനെയാണ്? കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായി കരുതിവെച്ച പലഹാരങ്ങളും ഗുഹാന്തര്‍ഭാഗത്തുനിന്നു ഇറ്റിറ്റായി വീണ ജലം, ധ്യാനം എന്നിവയാണ് 13 പേരുടെ ജീവന്‍ പിടിച്ചുനിര്‍ത്തിയത്.
പീരാപത് സോംപി യാംങ്‌ജെയുടെ 17ാം ജന്മദിനം ആഘോഷിക്കുന്നതിനായാണ് കോച്ചും കുട്ടികളും ഗുഹയ്ക്കുള്ളിലേക്ക് കയറുന്നത്. ആഘോഷങ്ങള്‍ക്കുള്ള പലഹാരങ്ങളും കുട്ടികള്‍ കൈയില്‍ കരുതിയിരുന്നു. എന്നാല്‍ 25 കാരനായ പരിശീലകന്‍ അകീയുടെ ആത്മധൈര്യവും കരുതലുമാണ് കുട്ടികള്‍ക്ക് കൂടുതല്‍ തുണയായത്. കൈയിലുണ്ടായിരുന്ന ഭക്ഷണം കഴിക്കാതെ അദ്ദേഹം കുട്ടികള്‍ പകുത്തു നല്‍കുകയായിരുന്നു.
പരിശീലകനാകുന്നതിന് മുന്‍പ് കുറച്ചുകാലം ബുദ്ധസന്യാസിയായിരുന്ന അദ്ദേഹം കുട്ടികളെ പരിശീലിപ്പിച്ച ധ്യാനമുറകളാണ് അവരെ മാനസിക പിരിമുറക്കത്തില്‍ നിന്ന് രക്ഷിച്ചത്. വായു സഞ്ചാരം കുറഞ്ഞിട്ടും ഗുഹയില്‍ കുട്ടികള്‍ക്ക് തുണയായത് ആകീയുടെ കരുതലാണ്. കഴിഞ്ഞ ദിവസം അവസാന വ്യക്തിയായി കോച്ച് അകീ പുറത്തെത്തുമ്പോള്‍ കുട്ടികളേക്കാള്‍ ക്ഷീണിതനായിരുന്നു അദ്ദേഹം.
കുട്ടികള്‍ ഗുഹയില്‍ കടക്കുന്ന സമയത്ത് ഓക്‌സിജന്റെ അളവ് 21 ശതമാനമായിരുന്നു. പിന്നീട് ഇത് 15 ശതമാനമായി താഴ്ന്നു. എല്ലാ പ്രശ്‌നങ്ങളേയും അവര്‍ തരണം ചെയ്യുകയായിരുന്നു. കുട്ടികളെ കണ്ടെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കൂടിയ അളവില്‍ ഊര്‍ജം അടങ്ങിയ എളുപ്പം ദഹനം സാധ്യമാകുന്ന ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കിയത്. കൂടാതെ കുട്ടികളുടെ വീട്ടുകാര്‍ അവര്‍ക്കായി എഴുതിയ കത്തുകളും കുട്ടികളില്‍ പ്രതീക്ഷ ഉണര്‍ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates